Trending

ഉറക്ക ഗുളിക കഴിച്ചെന്ന് 17കാരൻ; നാട്ടുകാരെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം.


താമരശ്ശേരി: താമരശ്ശേരിയിൽ നാട്ടുകാരെ മുൾമുനയിൽ നിർത്തി പതിനേഴുകാരൻ. കുട്ടിയുടെ ആത്മഹത്യാ ഭീഷണിയെ തുടർന്ന് വാർഡ് മെംബറും ആരോഗ്യപ്രവർത്തകരും മണിക്കൂറുകളോളം നെട്ടോട്ടമോടി. താൻ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയാണെന്നായിരുന്നു പതിനേഴുകാരന്റെ ഭീഷണി.

തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക പരിശോധന നടത്തിയ ശേഷം കുട്ടിയുടെ നിലയിൽ ആശങ്കയുള്ളതിനാൽ ഡോക്ടർമാർ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. തുടർന്ന് 108 ആംബുലൻസിൽ വാർഡ് മെമ്പറും മറ്റുള്ളവരും കുട്ടിയോടൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തിരിച്ചു.

യാത്രക്കിടയിലാണ് കുട്ടിയുടെ ബന്ധുക്കളെ ഇവർ ഫോണിൽ ബന്ധപ്പെടുന്നത്. ഈ കുട്ടി മുൻപും ശ്രദ്ധ പിടിച്ചുപറ്റാനായി ഇത്തരത്തിൽ ആത്മഹത്യാ നാടകങ്ങൾ കളിച്ചിട്ടുണ്ടെന്നും തെറ്റിദ്ധരിപ്പിക്കുന്നത് പതിവാണെന്നുമാണ് ബന്ധുക്കൾ പറഞ്ഞത്. എന്നാൽ വഴിയിൽ വെച്ച് പിന്തിരിയാൻ ആരും തയാറായില്ല.

കുട്ടിയെ മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ എത്തിച്ച് അടിയന്തര പരിശോധനകൾക്ക് വിധേയനാക്കി. വിശദമായ പരിശോധനകൾക്ക് ഒടുവിൽ കുട്ടി ഗുളികകളൊന്നും കഴിച്ചിട്ടില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും ഡോക്ട‌ർമാർ സ്ഥിരീകരിച്ചു. കുട്ടിക്ക് ചെറിയ മാനസിക അധ്യസ്ഥതകളുണ്ടെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.

Post a Comment

Previous Post Next Post