Trending

നരിക്കുനിയിൽ യുവാവ് കടമുറിക്കുള്ളിൽ തീകൊളുത്തി മരിച്ച സംഭവം; നടുക്കം മാറാതെ നാട്.


നരിക്കുനി: നരിക്കുനിയിലെ കടമുറിക്കുള്ളിൽ യുവാവ് തീ കൊളുത്തി മരിക്കുകയും കൂടെ ഒൻപത് വയസുകാരി മകൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്ത സംഭവത്തിൽ നടുക്കം മാറാതെ വ്യാപാരികളും നാട്ടുകാരും. കുരുവട്ടൂർ സ്വദേശിയായ നടുവിലക്കണ്ടി വിനീഷ് കുമാർ (45) ആണ് മരിച്ചത്. പൊള്ളലേറ്റ മകൾ അമേഘ (9) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

അച്ഛന്റെ ദാരുണ മരണത്തിന് നേരിട്ട് സാക്ഷിയായ മകളിൽ നിന്ന് പോലീസിന് ഇതുവരെ മൊഴിയെടുക്കാനായിട്ടില്ല. വിനീഷ് കുമാർ തീകൊളുത്തി ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവാവിൻ്റെ ആത്മഹത്യാക്കുറിപ്പ് കടമുറിക്കുള്ളിൽ നിന്നും ലഭിച്ചിരുന്നു. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കുന്നതിന് കാരണമെന്നാണ് അതിൽ പറയുന്നത്. ഇയാൾ മകളെ എന്തിന്‌ കൊണ്ടുവന്നു എന്നകാര്യത്തിൽ ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. 

വെള്ളിയാഴ്ച രാവിലെ 8.30 ഓടെ നരിക്കുനി-കൊടുവള്ളി റോഡിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വിനീഷ് കുമാർ വാടകയ്ക്കെടുത്ത കടമുറിയിലാണ് സംഭവം. ഏറെക്കാലം വിദേശത്തായിരുന്ന വിനീഷ് കുമാർ, ഓൺലൈൻ ട്രേഡിങ് സ്ഥാപനം നടത്തിവരുകയായിരുന്നു. വിനീഷ് കുമാർ പതിവായി രാവിലെ 8 മണിയോടെ കടയിലെത്തുകയും വൈകീട്ട് 4.30 ഓടെ തിരിച്ചുപോകാറുമാണ് പതിവെന്ന് നാട്ടുകാർ പറയുന്നു. 

സാധാരണ ഒരു ജോലിക്കാരിയാണ് വിനീഷ് കുമാറിനൊപ്പം കടയിലെത്താറുള്ളത്. എന്നാൽ, ഇന്നലെ രാവിലെ മകളെയും കൂട്ടിയാണ് വിനീഷ് കുമാർ തന്റെ സ്കൂട്ടറിൽ കടയിലേക്ക് എത്തിയത്. തലേദിവസം വൈകീട്ട് ഷട്ടർ താഴ്ത്തി പൂട്ടിപ്പോയ മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാർ തൊട്ടുപുറകിലെ വീട്ടിൽ താമസിക്കുന്ന കെട്ടിട ഉടമയെയും നരിക്കുനി അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു.

വിനീഷ് കുമാറിന്റെ അച്ഛൻ: എ.വി വിജയൻ (പ്ലംബർ). അമ്മ: രമണി. ഭാര്യ: ജിഷ. മക്കൾ: അഭിനവ്, അമേഘ. സഹോദരങ്ങൾ: വിനോദ് കുമാർ, സിന്ധു.

Post a Comment

Previous Post Next Post