തിരുവനന്തപുരം: മിൽമ പാലിൻ്റെ വിലവർദ്ധന പ്രാബല്യത്തിലേക്ക്. മെയ് 21 മുതൽ പുതുക്കിയ വില നിലവിൽ വരും. ലിറ്ററിന് 4 രൂപ വർദ്ധിപ്പിക്കാനാണ് തീരുമാനം. ബുധനാഴ്ച ചേരുന്ന ഡയറകർ ബോർഡ് യോഗത്തിൽ പുതിയ നിരക്കിന് അംഗീകാരം നൽകും.
ഏറെ നാളത്തെ ചർച്ചകൾക്കൊടുവിലാണ് മിൽമ പാൽ വില വർദ്ധിപ്പിക്കുന്നത്. ഏപ്രിലിൽ ചേർന്ന യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. സർക്കുലർ റെസല്യൂഷൻ വഴി വില കൂട്ടാൻ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ എട്ടുപേർ മാത്രമാണ് ഉത്തരവിൽ ഒപ്പിട്ടത്.
ഭൂരിഭാഗം അംഗങ്ങളും ഇതിൽ നിന്നും വിട്ടുനിന്നതോടെ ബോർഡ് യോഗം വിളിച്ച് ചേർത്ത് കാര്യങ്ങൾ ചർച്ച ചെയ്ത് വിലവർദ്ധനയ്ക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. വില വർദ്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന അധിക തുകയുടെ സിംഹഭാഗവും ക്ഷീരകർഷകർക്ക് തന്നെ ലഭിക്കുമെന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന സവിശേഷത. ലിറ്ററിന് 3.33 രൂപ വീതം കർഷകരിലേക്ക് നേരിട്ടെത്തും.
പുതിയ മാറ്റത്തോടെ മിൽമ പാലിന്റെ ലിറ്ററിന് ശരാശരി വില 56 രൂപയായി ഉയരും. പാലിന് വില കൂടുന്നതോടെ മിൽമ വിപണിയിലെത്തിക്കുന്ന തൈര്, നെയ്യ്, പേഡ അടക്കമുള്ള മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർദ്ധിച്ചേക്കും.