തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിനായി മെയ് 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് അറിയിച്ചു. ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റുണ്ട്. വിഎച്ച്എസ്ഇ സ്കൂളുകളിൽ 33,000 സീറ്റുമുണ്ട്. കൂടാതെ, എസ്എസ്എൽസി പാസായവർക്ക് ഉപരിപഠനത്തിനായി പോളിടെക്നിക്കുകളിലും ഐടിഐകളിലുമായി 30,545 സീറ്റുണ്ട്.
ഇത്തവണ എസ്എസ്എൽസി പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാക്കും. എസ്എസ്എൽസി പാസായവർക്ക് പുനർമൂല്യനിർണയത്തിന് ഇന്ന് മുതൽ 21 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമൊക്കെ ഇക്കാലയളവിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. എസ്എസ്എൽസിയിൽ പരാജയപ്പെട്ടവർക്കുള്ള സേ പരീക്ഷ ജൂൺ ആദ്യവാരം നടക്കും. പരമാവധി മൂന്നു വിഷയങ്ങൾക്കാണ് സേ പരീക്ഷ.