മുക്കം: ലഹരിക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. മൂന്നു കിലോയിൽ അധികം എംഡിഎംഎ കടത്തിയ കേസിലെ പ്രതിയായ മുഹമ്മദ് ഹനീഫയാണ് തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
രാജധാനി എക്സ്പ്രസിൽ ഗുജറാത്തിലെ വഡോദര റയിൽവേ സ്റ്റേഷന് അടുത്ത് വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിയെ കാണാതായതോടെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉടൻ തന്നെ റെയിൽവേ പോലീസിനെയും ഗുജറാത്ത് പോലീസിനെയും വിവരമറിയിച്ചു. ഇയാളെ കണ്ടെത്തുന്നതിനായി ഗുജറാത്ത് പോലീസിന്റെ സഹായത്തോടെ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ആദ്യം 100 ഗ്രാം എംഡിഎംഎയുമായിട്ടാണ് ഹനീഫിനെ പോലീസ് അറസ്റ്റു ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു കേസുകളിലായി മൂന്ന് കിലോയിലേറെ മയക്കുമരുന്ന് ഇയാളിൽ നിന്ന് പോലീസ് കണ്ടെടുത്തത്. ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് പ്രതിക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് കണ്ടെത്തുന്നതിനും, ഇതിന് പിന്നിലെ ലഹരിമാഫിയകളെ കുറിച്ചുള്ള അന്വേഷണത്തിനുമായിട്ടാണ് പ്രതിയുമായി പോലീസ് സംഘം ഡൽഹിയിലേക്ക് തിരിച്ചത്.