Trending

തോൽവി അപ്രതീക്ഷിതം, വീഴ്ചകൾ തിരുത്തും; ഈ ജനവിധി അവസാനമല്ല, പിണറായിയുടെ ആദ്യ പ്രതികരണം.


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത താേൽവിയിൽ ഫലം വന്ന് ദിവസങ്ങൾക്കുശേഷം പ്രതികരണവുമായി പിണറായി വിജയൻ. വാർത്താ സമ്മേളനം നടത്താതെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. തിരഞ്ഞെടുപ്പു ഫലം തീർത്തും അപ്രതീക്ഷിതമാണെന്നും ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. 

മൂന്നാംവട്ടം തുടർച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നു എന്നത് ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്. ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരമാണ് എന്നും അദ്ദേഹം കുറിക്കുന്നു.

തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം മാധ്യമങ്ങളാേട് പ്രതികരിക്കാൻ പിണറായി വിജയൻ ഇതുവരെ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തോട് മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞിരുന്നെങ്കിലും ഒന്നും മിണ്ടാതെ കടന്നുപോവുകയായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വാർത്താസമ്മേളനം ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും അതും ഉണ്ടായില്ല.

Post a Comment

Previous Post Next Post