താമരശ്ശേരി: ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയില്‍ ജീവനൊടുക്കി. താമരശ്ശേരി കുറുന്തോട്ടിക്കണ്ടിയിൽ മുരളീധരനാണ് (56) മരിച്ചത്. ഇന്ന് രാവിലെയാണ് താമരശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. പഞ്ചായത്ത് ഓഫീസിന് തൊട്ടുമുമ്പിലുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ്.
ഓട്ടോയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധിയിലായിരുന്നു മുരളീധരനെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതില്‍ ഫൈനാന്‍സ് ജീവനക്കാര്‍ മുരളീധരനെ തേടി ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. ഉടന്‍ പണം അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും, അവര്‍ ഭീഷണിപ്പെടുത്തിയെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കി. ഇതിന്റെ മനോവിഷമത്തിലാകും മുരളീധരന്‍ ജീവനൊടുക്കിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.