കാസര്‍കോട്: കാസർകോട് ബെള്ളൂര്‍ പള്ളപ്പാടിയില്‍ ഭര്‍തൃമതിയായ യുവതി ജീവനൊടുക്കിയത് നാലാം വിവാഹ വാര്‍ഷികത്തിനു രണ്ടു ദിവസം മുമ്പ്. സഹോദരി കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നതായും മരണത്തില്‍ സംശയമുണ്ടെന്നും സഹോദരൻ അബ്ദുറഹ്മാന്‍ പറഞ്ഞു. ബുധനാഴ്ച വൈകീട്ടാണ് പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യ സെറീന (27)യെ വീടിനോട് ചേർന്നുള്ള ഷെഡില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭര്‍ത്താവിൻ്റെ വീട്ടുകാര്‍ ഫോണ്‍ ചെയ്താണ് സെറീന മരിച്ചുവെന്ന വിവരം അറിയിച്ചതെന്നു അബ്ദുറഹ്മാന്‍ പറഞ്ഞു. 2022 മെയ് 29നായിരുന്നു സെറീനയും സൈനുദ്ദീനും തമ്മില്‍ മതാചാര പ്രകാരം വിവാഹിതരായത്. എന്നാല്‍ ഇതുവരെ കുട്ടികളുണ്ടായില്ല. ഇതിന്റെ പേരില്‍ കടുത്ത മാനസിക പീഡനം സഹോദരി നേരിട്ടെന്ന് സഹോദരന്‍ പറയുന്നു. മാനസിക പീഡനം സഹിക്കാന്‍ കഴിയാതെ സഹോദരി പലപ്പോഴും കർണാടകയിലെ പുത്തൂര്‍ സനങ്കളയിലെ വീട്ടിൽ വന്ന് താമസിച്ചിരുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇടപെട്ട് നടത്തിയ മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു സഹോദരി ഭര്‍തൃവീട്ടിലേക്ക് മടങ്ങിയത്. അതിനു ശേഷവും പല തവണ പീഡനം നേരിടേണ്ടി വന്നു. അന്നൊക്കെ താൻ പള്ളപ്പാടിയിലെ വീട്ടിലെത്തി സഹോദരിയെ ആശ്വസിപ്പിച്ചിരുന്നു. അവള്‍ ഈ കടുംകൈ ചെയ്യുമെന്നു കരുതാനാകില്ല. മരണത്തില്‍ സംശയമുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം വേണമെന്നും അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് ആദൂര്‍ പോലീസ് കേസെടുത്തിട്ടുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളുവെന്ന് പോലീസ് പറഞ്ഞു. പരേതനായ ബഡുവന്‍ കുഞ്ഞി-നഫീസ ദമ്പതികളുടെ മകളാണ് സെറീന. മറ്റു സഹോദരങ്ങള്‍: ഷരീഫ്, ഫാത്തിമ, മൈമൂന, ദാവൂദ്, സുബൈദ, സുമയ്യ.