Trending

മാമി തിരോധാന കേസിൽ അന്വേഷണം വേഗത്തിലാക്കണം; മുഖ്യമന്ത്രിയെ കണ്ട് കുടുംബം.


ബാലുശ്ശേരി: റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ ബാലുശ്ശേരി എരമംഗലം സ്വദേശി മുഹമ്മദ് ആട്ടൂർ (56) എന്ന മാമിയുടെ തിരോധാന കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടു. കേസിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി കുടുംബം പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം മാറ്റേണ്ടതില്ലെന്നും സർക്കാരിൽ പ്രതീക്ഷയുണ്ടെന്നും ഭാര്യ റുക്സാന പ്രതികരിച്ചു. വേണ്ട കാര്യങ്ങളെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായും മാമിയുടെ ഭാര്യ പറ‍ഞ്ഞു.

2023 ഓഗസ്റ്റ് 21നാണ് റിയൽ എസ്റ്റേറ്റ് വ്യാപാരിയായ മാമിയെ കാണാതാകുന്നത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എസ്ഐടിക്ക് കൈമാറി. അന്വേഷണത്തിൽ പുരോഗതി ഇല്ലാതായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മൂന്നു വർഷത്തിനിപ്പുറവും മാമിക്ക് എന്ത് സംഭവിച്ചെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ചിനും സാധിച്ചിട്ടില്ല. അന്വേഷണ വിപുലീകരണത്തിൻ്റെ ഭാഗമായി നേരത്തെ 12 സൈബർ വിദഗ്ദ്ധരെ കൂടി അന്വേഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. 

ക്രൈംബ്രാഞ്ച് മലപ്പുറം എസ്പി കെ.വി സന്തോഷിനാണ് നിലവിൽ അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന യോഗത്തിലായിരുന്നു സംഘത്തെ വിപുലീകരിക്കാൻ തീരുമാനിച്ചത്. പുതിയ സംഘത്തിൽ വനിതാ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെ കൂടുതൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post