ചേളന്നൂർ: കുടിവെള്ള പദ്ധതിയായ ജൽജീവൻ മിഷൻ ചേളന്നൂരിൽ ലക്ഷ്യം കാണുന്നില്ലെന്ന് ആക്ഷേപം. പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈനുകൾ സ്ഥാപിച്ച വിവിധ പ്രദേശങ്ങളിൽ പൈപ്പ് പൊട്ടുന്നത് പതിവായതോടെ നാട്ടുകാർ കടുത്ത കുടിവെള്ളക്ഷാമത്തിലാണ്. പൈപ്പുകളിലൂടെ വെള്ളം പമ്പ് ചെയ്തു തുടങ്ങുമ്പോഴേക്കും ലൈനുകൾ തകരുന്ന സ്ഥിതിയാണുള്ളത്.
ചേളന്നൂർ 7/6, ചാത്താംവീട്ടിൽ, കുമാരസ്വാമി, ഒൻപത്, മുതുവാട്ടുതാഴം ഉൾപ്പെടെയുള്ള ഭൂരിഭാഗം പ്രദേശങ്ങളിലും പൈപ്പ് പൊട്ടൽ ഒരു തുടർക്കഥയായി മാറിയിരിക്കുകയാണ്. പദ്ധതിക്കായി ഉപയോഗിച്ച പൈപ്പുകളുടെ ഗുണനിലവാരക്കുറവും അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളുമാണ് ഈ തകരാറുകൾക്ക് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വലിയ തുക ചെലവഴിച്ചിട്ടും ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം കൃത്യമായി ലഭിക്കാത്തതിൽ പരക്കെ പ്രതിഷേധമുണ്ട്.
വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന മേൽനോട്ടക്കുറവും കാര്യക്ഷമതയില്ലായ്മയുമാണ് പദ്ധതിയുടെ ഈ അവസ്ഥയ്ക്ക് കാരണമായി ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. നിർമ്മാണത്തിലെ അപാകതകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും, തകരാറുകൾ പരിഹരിച്ച് കുടിവെള്ള വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കാൻ സർക്കാർ ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.