കണ്ണൂർ: കണ്ണൂർ കുറ്റ്യാട്ടൂരിൽ അമിതവേഗതയിലെത്തിയ മിനിലോറി ഇടിച്ച് നാലു വയസുകാരിക്ക് ദാരുണാന്ത്യം. പാവന്നൂർ കടവ് പള്ളിക്ക് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ മാതാപിതാക്കൾക്കൊപ്പം ഇരിക്കവെ മിനിലോറി ഇടിച്ചുകയറുകയായിരുന്നു. പാവന്നൂർകടവ് എടത്തിലേക്കണ്ടി സാജിദ്- മൈമൂന ദമ്പതികളുടെ മകൾ തഷ്രീഫ (4) യാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. ചൂളിയാടിൽ നിന്നും സ്കൂട്ടറിൽ വന്ന സാജിദും കുടുംബവും റോഡരികിൽ വാഹനം നിർത്തി ബന്ധുവിനെ കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെയാണ് മയ്യിൽ ഭാഗത്ത് നിന്നും വന്ന മിനിലോറി സ്കൂട്ടറിലേക്ക് ഇടിച്ചു കയറിയത്. കുട്ടിയെ ഉടൻതന്നെ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗുരുതരമായി പരിക്കേറ്റ സാജിദും മൈമൂനത്തും കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തഷ്രീഫയുടെ മൃതദേഹം പാവന്നൂർക്കടവ് ജുമാ മസ്ജിദിൽ സംസ്കരിച്ചു. തമീം, തഫ്ഹീം എന്നിവരാണ് സഹോദരങ്ങൾ. പാവന്നൂർ എഎൽപി സ്കൂളിൽ തഷ്റീഫയെ ചേർത്തിരുന്നു. ആദ്യമായി സ്കൂളിൽ പോകാനിരിക്കെയാണ് ദാരുണമായ സംഭവം.