Trending

25 ലക്ഷത്തിൻ്റ സൗജന്യ ആരോഗ്യ ഇൻഷുറൻസ്, വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി, ക്ഷേമപെൻഷൻ 3,000 രൂപ- ഗവർണറുടെ നയപ്രഖ്യാപനം.


തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക മേഖലയിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നുവെന്ന് ഗവർണർ. വി.ഡി സതീശൻ സർക്കാറിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റേതാണ് പരാമർശം. നെഹ്റുവിനെ ഉദ്ധരിച്ച് നയപ്രഖ്യാപന പ്രസംഗം തുടങ്ങിയ ഗവർണർ സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസം നൽകുന്ന പദ്ധതികളും സർക്കാരിന്റേതായി പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യയാത്ര അവകാശമാക്കി മാറ്റുകയും കോളേജ് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നൽകുകയും ചെയ്യും. സാമൂഹിക സുരക്ഷ പെൻഷൻ 3,000 രൂപയായി വർധിപ്പിക്കാനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ ഓരോ കുടുംബത്തിനും വർഷം തോറും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകാനും സർക്കാർ തീരുമാനിച്ചു.

യുവ സംരംഭകർക്കായി 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പകളും മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി രാജ്യത്ത് ആദ്യമായി പ്രത്യേക വകുപ്പും രൂപീകരിക്കും. വികസനവും ജനക്ഷേമവും സമതുലിതമായി കൊണ്ടുപോകുന്നതിനോടൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്നും ഗവർണർ നയപ്രഖ്യാപനത്തിലൂടെ വ്യക്തമാക്കി. 

ഇന്ദിരാഗ്യാരണ്ടിക്കു പുറമേ സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി, സർക്കാർ, സ്വകാര്യ മേഖലകളിൽ ആറു മാസം വരെ പ്രസവ അവധി, വഖഫ് ബോർഡ് നവീകരണം, ഗവേഷക വിദ്യാർത്ഥികൾക്ക് കൂടുതൽ സ്കോളർഷിപ്പ് തുടങ്ങിയ വൻ പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപനത്തിൽ ഇടം പിടിച്ചിരിക്കുന്നത്. 

എക്സൈസ് വകുപ്പിൽ സമഗ്രപരിഷ്കാരം നടത്തും. ലഹരി നെറ്റുവർക്കുകളെ ഇല്ലാത്തകും. സ്കൂൾ കോളേജ് ക്യാമ്പസുകൾ ലഹരിമുക്തമാക്കും. മലബാർ ടെമ്പിൾ പിൽഗ്രിം പ്രോജക്ട്. ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം. സിനിമാ നയം കൊണ്ടുവരുമെന്നും തിയേറ്റർ മേഖലയ്ക്ക് പ്രോത്സാഹനം നൽകുമെന്നും ഐഎക്ക് പ്രാധാന്യം നൽകിക്കൊണ്ട് മീഡിയ സിറ്റി കൊണ്ടുവരുമെന്നും പ്രഖ്യാപനത്തിൽ ഉണ്ട്.

നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് വന്ദേമാതരം ആലപിച്ച് നടപടികൾക്ക് തുടക്കം കുറിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നയപ്രഖ്യാന പ്രസംഗത്തിന് മുമ്പായിരുന്നു വന്ദേമാതരം. വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്ന് ലോക്ഭവനിൽനിന്ന് നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ, സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമാണ് പോലീസ് ബാന്റ് വായിച്ചത്.

ഇത് സുതാര്യ സർക്കാറാണെന്നും അഴിമതിമുക്ത ഭരണം ഉറപ്പെന്നും ഗവർണർ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണറെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വി.ഡി സതീശന്‍, പാര്‍ലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

Post a Comment

Previous Post Next Post