പയ്യോളി: ദേശീയപാത പയ്യോളിയിൽ കാറുകളും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് പരിക്ക്. പയ്യോളി അയനിക്കാട് പോസ്റ്റോഫീസ് അടിപ്പാതയ്ക്ക് സമീപം ഇന്ന് വൈകീട്ട് 4.15 ഓടെയായിരുന്നു സംഭവം.
വടകര ഭാഗത്തേയ്ക്ക് ഒരേ ദിശയിൽ പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മുന്നിലുണ്ടായിരുന്ന വാഗണർ കാറിന് പിന്നിൽ ടൊയോട്ട കാർ ഇടിക്കുകയായിരുന്നു. ഈ സമയത്ത് കാറുകൾക്കിടയിൽപ്പെട്ടുപോയ സ്കൂട്ടറിലെ യാത്രക്കാർക്കാണ് പരുക്കേറ്റതെന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തിൽ പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പോലീസെത്തി വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.