Trending

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ചു; ഭർത്താവിന് ഗുരുതര പരിക്ക്.

പേരാമ്പ്ര: പേരാമ്പ്ര ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ചു. കൂടെയുണ്ടായിരുന്ന ഭർത്താവിന് ഗുരുതരമായി പൊള്ളലേറ്റു. ചെറുവണ്ണൂർ കക്കറമുക്കിൽ വെള്ളിയാഴ്ച രാത്രി 9.15-ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ചെറുവണ്ണൂർ കാക്കറമുക്ക് സ്വദേശി പൂവത്തും ചാലിൽ റിജിൻലാലിന്റെ ഭാര്യ സോന (30) ആണ് മരിച്ചത്. ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ നിന്നും പെട്ടെന്ന് പുക ഉയർന്നു കത്തുകയായിരുന്നു.

കാറിൽ നിന്ന് പെട്ടെന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻതന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. കാറിനുള്ളിൽ കുടുങ്ങിക്കിടന്ന ഇരുവരെയും തൊട്ടടുത്ത നെൽവയലിൽ നിന്ന് വെള്ളം കോരിയൊഴിച്ച് തീയണച്ചു പുറത്തെടുക്കുകയായിരുന്നു. നാട്ടുകാരുടെ കൃത്യമായ ഇടപെടലിനെ തുടർന്നാണ് ഭർത്താവ് റിജിൻലാലിനെ കാറിൽ നിന്ന് പുറത്തെടുക്കാനായത്. ഉടൻതന്നെ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വിവരമറിഞ്ഞ് പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ഫയർഫോഴ്സ് സംഘം എത്തുന്നതിന് മുൻപു തന്നെ നാട്ടുകാർ ചേർന്ന് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. കാറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post