Trending

ഷവർമ്മ ഉണ്ടാക്കാനെത്തിച്ച ചിക്കൻ തെരുവുനായ്ക്കൾ കടിച്ചു പറിച്ചു; കട അടയ്ക്കാൻ നോട്ടിസ്.


കൊയിലാണ്ടി: ഷവർമ്മ ഉണ്ടാക്കാനായി കടയിലേക്ക് എത്തിച്ച ചിക്കൻ തെരുവുനായ്ക്കൾ കടിച്ചു പറിച്ചു. സംഭവത്തിൽ കടയ്‌ക്കെതിരെയും ചിക്കൻ വിതരണം നടത്തിയ സ്ഥാപനത്തിനെതിരെയും ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നടപടി. കൊയിലാണ്ടി പഴയ സ്റ്റാൻഡിന് മുന്നിലുള്ള ഒഫിക്സ് ഷവർമാ സ്റ്റാളിനാണ് രണ്ടു ദിവസം അടച്ചിടാൻ നോട്ടിസ് നൽകിയത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. കട തുറക്കുന്നതിന് മുമ്പ് പുറത്ത് വെച്ചിരുന്ന ചിക്കനാണ് നായ്ക്കൾ കടിച്ചുപറിച്ചത്. താമരശ്ശേരിയിലെ ചിക്കൻ സെന്ററിൽ നിന്നുമെത്തിച്ച ഇറച്ചിയാണ് അടയ്പ്പില്ലാത്ത പാത്രത്തിൽ കടയ്ക്ക് പുറത്ത് വെച്ചിരുന്നത്. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോ. ശ്വേതാ വേലായുധന്റെ നേതൃത്വത്തിൽ അസി. ഓഫീസർ കെ. അരവിന്ദ് അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് കട രണ്ടു ദിവസത്തേക്ക് അടച്ചിടാൻ നോട്ടിസ് നൽകിയത്. ചിക്കൻ വിതരണം നടത്തിയ താമരശ്ശേരി ചിക്കൻ സെന്ററിനെതിരെ നടപടിയെടുക്കുന്നതിനായി ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസർക്ക് റിപ്പോർട്ട് നൽകിയതായി ഡോ. ശ്വേതാ വേലായുധൻ പറഞ്ഞു. വരും ദിവസങ്ങളിൽ കൊയിലാണ്ടിയിലെ മറ്റു ഷവർമ്മ ഷോപ്പുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തുമെന്ന് ഓഫീസർ പറഞ്ഞു.

Post a Comment

Previous Post Next Post