ന്യൂഡൽഹി: രാജ്യത്ത് എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉഗാണ്ടയിൽ നിന്ന് ബംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യുവതിയുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എബോള പരിശോധനയ്ക്കായി ഉഗാണ്ടയിൽ നിന്നു വന്ന 28കാരിയുടെ സാമ്പിൾ ശേഖരിച്ചശേഷം ഇന്ദിര നഗറിലെ എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലിൽ ഐസൊലേഷനിലായിരുന്നു. എന്നാൽ ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
48 മണിക്കൂറിന് ശേഷം വീണ്ടും യുവതിയുടെ സാംപിൾ പരിശോധന നടത്തും. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ രോഗബാധയെ തുടർന്ന് എബോളയുടെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജാഗ്രത മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനങ്ങളുമായി ചേർന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജനം പരിഭ്രാന്തരാകരുതെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം കർശ്ശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.