തിരുവനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിലുള്ളത്. 20771 പെൺകുട്ടികൾക്ക് ഫുൾ ‘എ പ്ലസ്’ ലഭിച്ചു. 9743 ആൺകുട്ടികൾ ഫുൾ ‘എ പ്ലസ്’ നേടി. ടിഎച്ച്എസ്എൽസി, ടിഎച്ച്എൽസി (ഹിയറിങ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. 3.30 മുതൽ ഫലം വെബ് സൈറ്റുകളിൽ ലഭ്യമാകും.
4,14,290 പേർ പരീക്ഷ എഴുതിയതിൽ 410456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 പേർ ഫുൾ 'എ’ പ്ലസ് നേടി. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാട് ആണ്. ജില്ല 100 ശതമാനം വിജയം നേടി. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ്. കൊല്ലം ജില്ലയിലെ 11.6 ശതമാനം കുട്ടികൾക്ക് ഫുൾ ‘എ പ്ലസ്’ ലഭിച്ചു. സേ പരീക്ഷ ജൂണ്‍ ജൂൺ ആദ്യവാരം നടക്കും. ജൂൺ അവസാനത്തോടെ ഫല പ്രഖ്യാപനമുണ്ടാകും. പുനർ മൂല്യനിർണ്ണയത്തിന് മേയ് 16 മുതൽ 21 വരെ അപേക്ഷിക്കാം.
മാർച്ച് 5 മുതൽ മാർച്ച് 30 വരെയായിരുന്നു ഈ വർഷത്തെ പരീക്ഷകൾ നടന്നത്. ഏപ്രിൽ 14 മുതൽ മെയ് 2 വരെയായിരുന്നു മൂല്യനിർണയം. സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,14,290 പേർ പരീക്ഷയെഴുതിയിരുന്നു. ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 386 കുട്ടികളും പരീക്ഷയെഴുതി. ഗൾഫ് മേഖലയിൽ ഏഴു കേന്ദ്രങ്ങളിലായി 633 കുട്ടികൾ രജിസ്റ്റർ ചെയ്തെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇവർക്ക് ഇളവ് അനുവദിക്കേണ്ടി വന്നു.