വയനാട്: കാട്ടാനക്കലിയിൽ സംസ്ഥാനത്ത് ഒരു ജീവൻ കൂടി പൊലിഞ്ഞു. വയനാട് പുത്തുമല സ്വദേശി ജെസി (46) ആണ് ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ഷാജി പരിക്കുകളോടെ ആശുപത്രിയിലാണ്. ആനയെ മയക്കുവെടി വെച്ച് പിടികൂടണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു.
ആനയെ പിടികൂടാൻ നടപടി സ്വീകരിക്കുമെന്നും കുടുംബത്തിന് നഷ്ട പരിഹാരമായി 10 ലക്ഷം രൂപ നൽകുമെന്നും സൗത്ത് ഡിഎഫ്ഒ ആഷിഖ് അലി നേരിട്ടെത്തി ഉറപ്പ് നൽകി. നഷ്ടപരിഹാരം ഉറപ്പാക്കിയതിനെ തുടർന്ന് നാട്ടുകാർ സമരം അവസാനിപ്പിച്ചു. ജെസിയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും മരണാനന്തര ചടങ്ങുകൾക്ക് 10,000 രൂപ അനുവദിച്ചതായും മന്ത്രി ടി. സിദ്ധിഖും അറിയിച്ചു. സംഭവത്തിൽ വനംമന്ത്രി ഷിബു ബേബി ജോൺ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.
മേപ്പാടി-ചൂരൽമല റോഡിൽ പുത്തുമലയ്ക്കടുത്ത് ചൂണ്ടി വളവിൽ ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു കാട്ടാന ആക്രമണം. ജെസിയും ഭർത്താവ് ഷാജിയും സ്കൂട്ടറിൽ ജോലിക്കു പോകുമ്പോൾ രണ്ട് കാട്ടാനകൾ ഇവർക്ക് മുൻപിൽ റോഡിൽ നിലയുറപ്പിച്ചു. സ്കൂട്ടർ തിരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു കാട്ടാന പിന്നാലെ ഓടിവന്ന് ജെസിയെ ചുഴറ്റി എറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.