റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം നാട്ടിലേക്ക്. അധികൃതർ മോചന ഉത്തരവിൽ ഒപ്പുവെച്ചു. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായാൽ ഉടൻ നാട്ടിലേക്ക് മടങ്ങാം. ഇന്നുതന്നെ നാട്ടിലേക്ക് കൊണ്ടുവരാനാണ് നിയമസഹായ സമിതി ശ്രമിക്കുന്നത്. 20 വർഷത്തിന് ശേഷമാണ് റഹീം ജയിൽ മോചിതനാകുന്നത്. 2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസിൽ അബ്ദുൽ റഹീമിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നത്. വിചാരണക്കൊടുവിൽ റിയാദിലെ കോടതി വധശിക്ഷ വിധിച്ചിരുന്നു. മോചനദ്രവ്യം നൽകിയതിന്റെ പശ്ചാത്തലത്തിൽ കോടതി വധശിക്ഷ ഒഴിവാക്കി നൽകുകയായിരുന്നു.
2006 ലാണ് റഹീം ഡ്രൈവർ ജോലിക്കായി സൗദിയിൽ എത്തിയത്. സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് ജയിലിലായത്. മനഃപൂർവമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും വധശിക്ഷ വിധിക്കപ്പെടുകയായിരുന്നു. എന്നാൽ, ലോക മലയാളികൾ ഒന്നടങ്കം കൈകോർത്ത് സമാഹരിച്ച 34 കോടി രൂപ ദിയാധനമായി നൽകിയതോടെയാണ് വധശിക്ഷയിൽ നിന്ന് റഹീം രക്ഷപ്പെട്ടത്. ഇതിനു പിന്നാലെ റിയാദിലെ ക്രിമിനൽ കോടതി റഹീമിന് സൗദി പൊതുനിയമപ്രകാരം തടവുശിക്ഷ പൂർത്തിയാക്കണമെന്ന് വിധിച്ചു. ഈ തടവ് കാലാവധി പൂർത്തിയായതോടെയാണ് ഇപ്പോൾ റഹീമിന്റെ മോചനം യാഥാർത്ഥ്യമായിരിക്കുന്നത്.