Trending

ബാലുശ്ശേരിയില്‍ ആവേശക്കൊടിമുടിയേറി കൊട്ടിക്കലാശം.


ബാലുശ്ശേരി: ആവേശക്കൊടിമുടിയിലേറി ബാലുശ്ശേരിയില്‍ മൂന്നു മുന്നണികളുടെയും കൊട്ടിക്കലാശം. വൻ ജനാവലിയാണ് ടൗണിലേക്ക് ഒഴുകിയെത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ കൊട്ടിക്കലാശം സാക്ഷ്യം വഹിക്കാനെത്തി. അണികള്‍ക്ക് ആവേശമേകാന്‍ സ്ഥാനാര്‍ത്ഥികളായ കെ.എം സച്ചിന്‍ദേവ്, വി.ടി സൂരജ്, സി.പി സതീഷ് എന്നിവരും കൊട്ടിക്കലാശത്തിന് എത്തിയിരുന്നു. സച്ചിന്‍ദേവ് പ്രചരണവാഹനത്തില്‍ കയറി നിന്ന് എല്‍ഡിഎഫ് അണികള്‍ക്ക് ആവേശം പകര്‍ന്നു. കൊടിവീശിയും കൈകള്‍ വീശിയും പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചു. 

വലിയ കൂട്ടമായി നിന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് കടന്നുവന്ന സൂരജിനെ പ്രവര്‍ത്തകര്‍ തോളിലേറ്റിയ ശേഷം വലിയ ലോറിക്ക് മുകളില്‍ കയറ്റി നിര്‍ത്തി. പാട്ടിനൊത്ത് സ്റ്റെപ്പിട്ട് ഡാന്‍സ് കളിച്ച സൂരജ് പ്രവര്‍ത്തകരെ കയ്യിലെടുക്കുകയും ചെയ്തു. ബിജെപി സ്ഥാനാര്‍ത്ഥി ജെസിബിക്ക് മുകളിലായിരുന്നു കയറി നിന്നത്. അനിഷ്ടസംഭവങ്ങൾ ഒന്നുമില്ലാതെ ആറു മണിയോടെ കൊട്ടിക്കലാശം സമാപിച്ചു. പോലിസും മിലിട്ടറി ഫോഴ്‌സും, തെരഞ്ഞെടുപ്പ് നിരീക്ഷകരും ഇവിടെയെത്തിയിരുന്നു.


Post a Comment

Previous Post Next Post