കോഴിക്കോട്: കവുങ്ങുകളിൽ ഇലപ്പുള്ളി, മഹാളി രോഗങ്ങളാൽ പ്രതിസന്ധിയിലായ കർഷകർക്ക് ആശ്വാസമായി അടയ്ക്ക റെക്കോർഡ് വിലയിൽ. ചരിത്രത്തിലാദ്യമായി അടയ്ക്ക കിലോഗ്രാമിന് 500 രൂപയിലെത്തി. ഇതിന് ആനുപാതികമായി തിരിവ് അടയ്ക്കയ്ക്കും വില കൂടി. രോഗങ്ങൾ ബാധിച്ച കവുങ്ങുകളിൽ ഉൽപാദനം കുറയുമെന്നതിനാൽ, പൂർണ പ്രയോജനം ലഭിച്ചേക്കില്ല.
കഴിഞ്ഞ മാസം ആദ്യം പുതിയ അടയ്ക്കയുടെ വില 490 രൂപയായിരുന്നു. പിന്നീട് 30 രൂപ കുറഞ്ഞു. അവിടെ നിന്ന് ഘട്ടംഘട്ടമായി കൂടിയാണ് 500 രൂപയിലെത്തിയത്. മംഗളൂരു ആസ്ഥാനമായ കർഷക സഹകരണ സ്ഥാപനം കാംപ്കോ വില വർദ്ധിപ്പിച്ചതോടെയാണ് പൊതു വിപണിയിലും വില കൂടിയത്. ഇതിനൊപ്പം പഴയ അടയ്ക്കക്ക് വില 545-ൽ നിന്ന് 555 ആയും ഉയർന്നു. ഗുണനിലവാരം അല്പം കുറവുള്ള പട്ടോറ 410 രൂപ, കോക്ക പട്ടോറ 345 രൂപ, കരിങ്കോട്ട് 265 രൂപ എന്നിങ്ങനെയാണ് വില. മാസങ്ങൾക്കു മുൻപു വരെ കരിങ്കോട്ടിനു കിലോയ്ക്ക് 110 രൂപ മാത്രമായിരുന്നു.
ഉൽപാദനം കുറഞ്ഞതാണു വില ഉയരാനുള്ള കാരണമെന്നാണ് കാംപ്കോ അധികൃതർ പറയുന്നത്. 30–40 ശതമാനം വരെ ഉൽപാദനക്കുറവാണുള്ളത്. തെരഞ്ഞെടുപ്പ് കാരണം അതിർത്തിയിൽ പരിശോധന ശക്തമാക്കിയതോടെ ബംഗ്ലദേശ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത വരവ് കുറഞ്ഞതും വില ഉയരാൻ കാരണമായി. അതിനാൽ, തെരഞ്ഞെടുപ്പിനു ശേഷം വില ഇടിയാൻ സാധ്യതയുണ്ടെന്നാണ് കാംപ്കോ നൽകുന്ന സൂചന.