Trending

മുഖാമുഖത്തിൽ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് കൊടുവള്ളിയിലെ സ്ഥാനാർത്ഥികൾ.


കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളിയിൽ മത്സരിക്കുന്ന പ്രധാനപ്പെട്ട മൂന്ന് സ്ഥാനാർത്ഥികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച മുഖാമുഖം ശ്രദ്ധേയമായി. താമരശ്ശേരിയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കുവാനും കൊടുവള്ളിയിലെ തീരാ ശാപമായി മാറിയ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാനും വിജയിക്കുന്ന പക്ഷം മുഖ്യ പരിഗണന നൽകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി.കെ ഫിറോസും എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സലീം മടവൂരും ചോദ്യങ്ങൾക്ക് മറുപടിയായി അറിയിച്ചു.

താമരശ്ശേരിയിലെ ഫ്രഷ്കട്ട് വിരുദ്ധ സമരത്തിൽ ജനങ്ങളുടെ കൂടെ നിന്ന് അടിസ്ഥാന സൗകര്യങ്ങൾ നേടിയെടുക്കാൻ മുൻപന്തിയിൽ ഉണ്ടാവുമെന്നും പരിസരവാസികൾക്ക് ദുരിതമാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ആദ്യം ശ്രമിക്കുമെന്നും കഴിയാത്ത പക്ഷം ഫ്രഷ്കട്ട് അടച്ചു പൂട്ടാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും നരിക്കുനി ബൈപ്പാസ് റോഡ് പൂർത്തീകരിക്കുമെന്നും കൊടുവള്ളി സിഎച്ച്സിയിൽ കിടത്തി ചികിത്സ തുടങ്ങുമെന്നും സലിം മടവൂർ തുടർന്ന് പറഞ്ഞു. ഓമശ്ശേരിയിലെ എൽപി സ്കൂൾ അപ്ഗ്രേഡ് ചെയ്യാനാവശ്യമായ പ്രവർത്തനം നടത്തുമെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി പി.കെ ഫിറോസ് അറിയിച്ചു.

കൊടുവള്ളി നിയോജക മണ്ഡലം രൂപവത്കരിച്ചിട്ട് 70 വർഷം പിന്നിടുമ്പോൾ 60 വർഷം യുഡിഎഫ്, 10 വർഷം എൽഡിഎഫ് ജനപ്രതിനിധികളാണ് ഉണ്ടായതെന്നും വ്യാപാരി സമൂഹം ചൂണ്ടിക്കാണിച്ച പരാതികൾക്കും വികസന മുരടിപ്പിനും കാരണക്കാർ മാറിമാറി വന്ന മുന്നണികളാണെന്നും എൻഡിഎ സ്ഥാനാർത്ഥി ഗിരി പാമ്പനാലിന്റെ പ്രതിനിധിയായി പങ്കെടുത്ത ഷാൻ കട്ടിപ്പാറ കുറ്റപ്പെടുത്തി. കേരളത്തിന് പുറത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യാപാരികൾക്ക് മാത്രമായി മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്നതായും അദ്ദേഹം ചൂണ്ടികാട്ടി. 

വിജയിക്കുന്ന പക്ഷം വ്യാപാരികൾ ഉന്നയിച്ച പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിച്ച് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് മൂന്ന് സ്ഥാനാർത്ഥികളും ഉറപ്പ് നൽകി. അഷ്റഫ് മൂത്തേടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ഓമശ്ശേരി അധ്യക്ഷത വഹിച്ചു. പിടിഎ ലത്വീഫ് നിവേദനത്തിലെ ആവശ്യങ്ങൾ വിശദീകരിച്ചു. അമീർ മുഹമ്മദ് ഷാജി മോഡറേറ്ററായിരുന്നു. കെ.സി അബ്ദുസലാം നരിക്കുനി സ്വാഗതവും പി. ചന്തു നായർ താമരശ്ശേരി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post