Trending

സ്കൂട്ടർ മോഷണം: മടവൂർ സ്വദേശി പോലീസ് പിടിയിൽ; കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ.


മടവൂർ: മാവൂർ റോഡ് പരിസരത്തുനിന്ന് സ്‌കൂട്ടർ മോഷ്ടിച്ചയാൾ പിടിയിൽ. മടവൂർ മുട്ടാഞ്ചേരി സ്വദേശി എരഞ്ഞോട്ടിൽ വീട്ടിൽ അഖിലിനെ(29)യാണ് കസബ പോലീസ് അറസ്റ്റു ചെയ്തത്. ഈ മാസം 18ന് മാവൂർ റോഡിലെ സെൽഫോണിക്‌സ് മൊബൈൽ സർവീസ് സെന്ററിന് എതിർവശത്തുള്ള കെട്ടിടത്തിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ട ആക്‌സസ് സ്‌കൂട്ടറാണ് ഇയാൾ മോഷ്ടിച്ചത്. 

ഗുരുവായൂരപ്പൻ കോളേജ് സ്വദേശിയായ യുവാവിൻ്റേതാണ് സ്കൂട്ടർ. യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കസബ പോലീസ് സംഭവ സ്ഥലത്തേയും സമീപ പ്രദേശങ്ങളിലേയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്ന് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പുല്ലാളൂരിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

2018-ൽ എടപ്പാളിലുള്ള കെവിആർ ബൈക്ക് ഷോറൂമിന്റെ മുൻവശത്ത് ഡിസ്‌പ്ലെ ചെയ്തുവെച്ച പൾസർ-220 ബൈക്ക് മോഷ്ടിച്ചതിനും അഖിലിനെതിരേ കേസുണ്ട്. 2019-ൽ കുന്ദമംഗലം എൻഐടിക്ക് സമീപം യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ചതിനും പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ചതിനും അടക്കം ഒട്ടേറെ കേസുകളും ഇയാൾക്കെതിരേ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post