കോടഞ്ചേരി: രാത്രിയിൽ കുളിക്കാൻ മുറ്റത്തിറങ്ങിയ നാലുവയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. കോടഞ്ചേരി നിരന്നപാറ ഉന്നതിയിലെ നെല്ലിക്കുന്നേൽ അരുൺ രാജ് മണിമേഖല ദമ്പതികളുടെ മകൻ അയാനാണ് (4) കടിയേറ്റത്. തലയിലും ദേഹത്തും പല്ലുകൾ ആഴ്ന്നിറങ്ങിയ മുറിവുകളുണ്ട്. കുട്ടിയെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 9.45 ഓടെ കിണറ്റിൻകരയിലേക്ക് അമ്മയോടൊപ്പം കുളിക്കാനിറങ്ങിയ കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികൾ നായയുടെ പിടിയിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ തലയിലും മുഖത്തും നെഞ്ചിലും ചെറുതും വലുതുമായ ഒട്ടേറെ മുറിവുകളുണ്ട്.
കടിച്ച നായയെ പിന്നീട് ചത്ത നിലയിൽ പ്രദേശത്ത് കണ്ടെത്തി. നായയുടെ ജഡം പൂക്കോട് വെറ്ററിനറി കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി പേവിഷബാധ ഉണ്ടോയെന്ന് പരിശോധിച്ചു. എന്നാൽ, ജഡം ജീർണാവസ്ഥയിൽ ആയിരുന്നതിനാൽ പരിശോധനാ ഫലം ലഭിച്ചില്ല. കുറേക്കാലമായി നായ കഴിയുന്ന വീടിന്റെ ഉടമസ്ഥൻ ഉൾപ്പെടെ രണ്ടുപേർക്കും കടിയേറ്റിട്ടുണ്ട്.
കുട്ടിയുടെ വീട് പഞ്ചായത്ത് അധികൃതരും ലിന്റോ ജോസഫ് എം.എൽ.എ.യും സന്ദർശിച്ചു. പരിശോധനാഫലം വ്യക്തമാകാത്ത പശ്ചാത്തലത്തിൽ നായക്ക് പേവിഷബാധ ഉള്ളതായി കരുതി തുടർനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇത് സംബന്ധിച്ച് ഇന്ന് രാവിലെ പഞ്ചായത്ത് ഹാളിൽ ഉന്നതതല യോഗം ചേർന്നു.