കോഴിക്കോട്: വിവാഹ ഹാളിൽ ബഹളം വച്ചത് ചോദ്യം ചെയ്ത യുവാവിന്റെ പല്ല് അടിച്ചു കൊഴിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കോഴിക്കോട് കല്ലൂത്താൻകടവ് ഫ്ലാറ്റിൽ താമസക്കാരായ രാഗേഷ് ബാബു (18), വിഷ്ണു (23), കിരൺ ശങ്കർ (19), അജയ് (18) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്.
ജനുവരി 13ന് രാത്രി പത്തരയോടെ എസ്കെ പൊറ്റക്കാട് ഹാളിൽ വെച്ച് നടന്ന വിവാഹത്തിനിടെ പ്രതികൾ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് കല്ലൂത്താൻകടവ് ഫ്ലാറ്റിൽ തന്നെ താമസിക്കുന്ന ഭാരതി എന്ന യുവാവ് പോലീസിനെ വിളിച്ചിരുന്നു. ഇതിന്റെ വിരോധത്തിൽ പ്രതികൾ യുവാവിനെ തടഞ്ഞു വയ്ക്കുകയും സ്റ്റീൽ വള ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയും താടിക്ക് കൈചുരുട്ടി ഇടിക്കുകയും ചെയ്തു. ആക്രമണത്തില്‍ യുവാവിന്റെ പല്ലിളകി പോവുകയും താടിയെല്ലിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
ഗോവിന്ദപുരം കാവിൽ താഴം, കല്ലൂത്താൻകടവ്, മുണ്ടിക്കൽതാഴം എന്നിവിടങ്ങളിൽ വെച്ച് കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പ്രദീപ്, രഗേഷ്, സജേഷ് കുമാർ സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സുമിത് ചാൾസ്, ഷിബു, സിവിൽ പോലീസ് ഓഫീസർ ജിതിൻ എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.