തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. രാജ്യത്ത് തെക്കു പടിഞ്ഞാറൻ മൺസൂണിന്‍റെ ഭാഗമായുള്ള മഴ കുറയും. ആഗോള തലത്തിലുള്ള എൽ നിനോ പ്രതിഭാസത്തെ തുടർന്ന് മഴ സാധാരണയിലും കുറയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മേയ് മധ്യത്തോടെ രാജ്യത്ത് മൺസൂൺ എത്തുമെന്നാണ് പ്രതീക്ഷ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴയുടെ അളവിൽ കാര്യമായ കുറവുണ്ടാകുമെന്നും പ്രവചനമുണ്ട്. കാലവർഷം വേണ്ട രീതിയിൽ പെയ്യാതിരുന്നാൽ രാജ്യത്ത് വരൾച്ചക്കുള്ള സാധ്യതയും ഉണ്ട്.
ഇന്ത്യയുടെ കാർഷിക മേഖലയ്ക്ക് കാലവർഷം അത്യന്താപേക്ഷിതമാണ്. ജൂൺ മുതൽ സെപ്തംബർ മാസം വരെയുള്ള തെക്കു-പടിഞ്ഞാറൻ മൺസൂണിലൂടെയാണ് കേരളത്തിൽ വർഷം 70 ശതമാനവും മഴയും ലഭിക്കുന്നത്. സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുകയാണ്. പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 38° സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ 14 വരെ സാധാരണയുളളതിനേക്കാൾ കൂടുതൽ താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.