അത്തോളി: അത്തോളിയിൽ കാണാതായ വയോധികൻ്റ മൃതദേഹം വീടിന് സമീപത്തെ പാറക്കുളത്തിൽ കണ്ടെത്തി. കൊടശ്ശേരി അഴയിൽ ചേക്കുട്ടി (76)യെയാണ് പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ മുതൽ കാണാതായ ചേക്കൂട്ടിക്കായി പോലീസും ഫയർഫോഴ്സും വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. ഇന്ന് രാവിലെ ആറു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ മുതലാണ് ചേക്കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് അത്തോളി പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വീട്ടുമുറ്റത്ത് അഴിച്ചുവെച്ച ചെരുപ്പിന്റെ മണം പിടിച്ച് പോലീസ് നായ സമീപത്തെ ക്വാറിക്ക് സമീപം വരെ എത്തിയത് തിരച്ചിലിൽ നിർണ്ണായകമായി.
തുടർന്ന് കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ ടി.കെ ബിജുവിന്റെ നേതൃത്വത്തിൽ വെള്ളിമാട്കുന്നിൽ നിന്നുള്ള സ്കൂബ ടീം സ്ഥലത്തെത്തി കുളത്തിൽ തിരച്ചിൽ നടത്തിയിരുന്നു. അണ്ടർ വാട്ടർ ക്യാമറകൾ ഉൾപ്പെടെ ഉപയോഗിച്ച് സമീപത്തെ അഞ്ച് ക്വാറികളിലെ വെള്ളക്കെട്ടുകളിൽ വൈകുന്നേരം 5.30 വരെ പരിശോധന തുടർന്നുവെങ്കിലും ഇന്നലെ കണ്ടെത്താനായിരുന്നില്ല.
മൃതദേഹം അത്തോളി പോലീസ് ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ: വിലാസിനി. മക്കൾ: പ്രസീത ദേവേശൻ കുന്നക്കൊടി, ഷാജി (സൗദി അറേബ്യ), സുനിൽ (ഖത്തർ). മരുമക്കൾ: ദേവേശൻ (ബസ് കണ്ടക്ടർ), സോജ, സുബില.