തിരുവനന്തപുരം: എസ്‌എസ്‌എല്‍സിയില്‍ മുഴുവന്‍ എ പ്ലസ് കുറയ്ക്കാനായി മൂല്യനിർണയം കടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ചോദ്യപേപ്പർ ഘടനയില്‍ മാറ്റം വരുത്തിയും 20 ശതമാനം ചോദ്യങ്ങള്‍ സങ്കീർണമാക്കിയും ഫുള്‍ എ പ്ലസ് കുറയ്ക്കാൻ നേരത്തെയും വകുപ്പ് നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മൂല്യനിർണയവും കടുപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്‌എസ്‌എല്‍സി മൂല്യനിർണയം ആരംഭിച്ചത്.
മൂല്യനിർണയം കടുപ്പിക്കണമെന്ന നിർദ്ദേശം നേരത്തെ തന്നെ വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുണ്ട്. മുഴുവൻ വിഷയത്തില്‍ എ പ്ലസ് കിട്ടുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടുന്നത് പലപ്പോഴും സർക്കാറിന് തലവേദനയാകാറുണ്ട്. മുൻ വർഷങ്ങളില്‍ മുഴുവൻ എ പ്ലസ് ലഭിച്ചിട്ടും പ്ലസ്ടുവിന് ആഗ്രഹിച്ച കോഴ്‌സിന് സീറ്റ് ലഭിക്കാത്തവരുടെ എണ്ണവും നിരവധിയായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് എ പ്ലസ് കുറയ്ക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തതെന്നാണ് പുറത്തുവരുന്ന വിവരം.
ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയില്‍ ചോദ്യപേപ്പറിലും അടിമുടി മാറ്റങ്ങളുണ്ടായിരുന്നു. അവസാനത്തെ 20 ശതമാനം ചോദ്യങ്ങളും സങ്കീർണമാക്കിയിരുന്നു. ഇതിനെതിരെ അധ്യാപകര്‍ പോലും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂല്യനിർണയവും കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അപൂർണമായ ഉത്തരങ്ങള്‍ക്ക് അരമാർക്ക് നല്‍കിയിരുന്നത് ഇനി നല്‍കേണ്ടെന്നാണ് നിർദ്ദേശം. പൂർണമായ ഉത്തരം എഴുതിയാല്‍ മാത്രം മാർക്ക് നല്‍കിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം.