നരിക്കുനി: പാലത്ത് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച് രണ്ടംഗ സംഘം. ഇന്നലെ രാത്രി 9.40 ഓടെ പാലത്ത് വടക്കേടത്തുതാഴം ഭാഗത്തുവെച്ചായിരുന്നു സംഭവം. പാലത്ത് കണിക്കോട്ടുമ്മൽ വിനീതയുടെ മാലയാണ് കവർന്നത്. രണ്ടര പവന്റെ സ്വർണ്ണമാലയാണ് നഷ്ടപ്പെട്ടത്. കക്കോടിയിലെ ടെക്സ്റ്റൈൽസ് ജീവനക്കാരിയായ വിനീത സഹപ്രവർത്തകയുടെ ചേളന്നൂരിലെ വീട്ടിൽ പിറന്നാൾ ആഘോഷിച്ച് മകളുമൊത്ത് സ്കൂട്ടറിൽ മടങ്ങുന്നതിനിടെയാണ് സംഭവം.
പാലത്ത് ഭാഗത്തു നിന്നും പിന്തുടർന്നെത്തിയ കറുത്ത എൻഎസ് പൾസർ ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് കവർച്ചക്ക് പിന്നിൽ. സ്കൂട്ടറിന് അരികിലെത്തിയ ഉടൻ വീട്ടമ്മയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുത്ത് സംഘം അതിവേഗം ഓടിച്ചുപോവുകയായിരുന്നു. ഭർത്താവിൻ്റെ പേരു വെച്ച താലിയടക്കമുള്ള സ്വർണ മാലയാണ് നഷ്ടമായത്. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ പ്രതികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പിന്നിലിരുന്നയാൾ കറുത്ത ഷർട്ടാണ് ധരിച്ചിരുന്നത്. സംഭവത്തിൽ വീട്ടമ്മ കാക്കൂർ പോലീസിൽ പരാതി നൽകി.
പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും രാത്രിയിലെ വെളിച്ചക്കുറവ് കാരണം പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ റോഡിലെ വെളിച്ചക്കുറവ് മുതലെടുത്ത് ഇത്തരം കവർച്ചാ സംഘങ്ങൾ സജീവമാകുന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.