കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവിലെ ഫാഷന്‍ ജ്വല്ലറിയില്‍ നിന്ന് പട്ടാപ്പകല്‍ 17 ഗ്രാം സ്വര്‍ണം മോഷ്ടിച്ചു കടന്നുകളഞ്ഞ രണ്ടുപേർ പിടിയിൽ. ഇരുവരും കോഴിക്കോട് സ്വദേശികളാണെന്നാണ് വിവരം. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. കൊണ്ടോട്ടി പോലീസാണ് ഇരുവരെയും പിടികൂടിയത്.
ഇന്നലെ ഉച്ചയ്ക്ക് 2.20 ഓടെയാണ് സംഭവം. സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയാണ് ഇയാൾ കടയിലെത്തിയത്. മാസ്‌ക് ധരിച്ചിരുന്നു. ജ്വല്ലറിയില്‍ നിന്നു വെള്ളം വാങ്ങി കുടിച്ച ശേഷം നാലു വളകള്‍ വാങ്ങി കയ്യില്‍ വച്ച ശേഷം ഒരു യുവതിയുമായി വീഡിയോ കോളില്‍ സംസാരിച്ചു. ഇതിന് ശേഷം ഇയാർ പെട്ടെന്ന് വളകളുമായി കടയില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് കടയ്ക്കു പുറത്ത് നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂട്ടറില്‍ കാത്തുനിന്ന രണ്ടാമനൊപ്പം ഇയാൾ രക്ഷപ്പെട്ടു.
ജ്വല്ലറി ഉടമ അഷ്റഫ് ബഹളം വച്ചതോടെ പിന്നാലെ ചിലര്‍ ഇരുചക്രവാഹനങ്ങളില്‍ ഇവരെ പിന്തുടര്‍ന്നെങ്കിലും പന്തീരങ്കാവ് ബൈപ്പാസിലൂടെ അതിവേഗം സ്‌കൂട്ടര്‍ ഓടിച്ച് പോകുകയായിരുന്നു. സംഭവത്തില്‍ പന്തീരങ്കാവ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. യുവാക്കള്‍ സ്‌കൂട്ടറില്‍ കടന്നു കളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.