കുന്ദമംഗലം: കുന്ദമംഗലത്തിന് അടുത്ത് കുരിക്കത്തൂരിൽ പടക്ക നിർമ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി രണ്ടുപേർ മരണപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അനധികൃത പടക്കനിർമ്മാണം നടത്താൻ ഉപയോഗിച്ച വീട് വാടകയ്‌ക്കെടുത്ത കോഴിക്കോട് മുണ്ടിക്കൻത്താഴം സ്വദേശി വിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച സ്‌ഫോടനമുണ്ടായ സമയത്ത് വിഷ്ണുവും ഇവിടെയുണ്ടായിരുന്നു. പരിക്കേറ്റതിന് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഷ്ണുവിനെ പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയിയിൽ എടുത്തിരുന്നു. ഞായറാഴ്ച രാവിലെ കുന്നമംഗലം പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിഷ്ണുവിന്റെ സുഹൃത്ത് ഹിജിത്ത് എന്നയാളേക്കൂടി കേസിൽ പ്രതിചേർത്തിട്ടുണ്ട്.
അതേസമയം സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം അത്തോളി-ഉള്ളിയേരി മേഖലകളിലേക്കും വ്യാപിക്കുന്നു. രാഹുലിനും വിഷ്ണുവിനും പടക്കനിർമ്മാണം, വിതരണം എന്നിവയുമായി ബന്ധമുള്ളതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ശിവകാശിയിൽ നിന്ന് പടക്കം നാട്ടിലെത്തിച്ച് വിതരണം ചെയ്തിട്ടുണ്ട്. ഇതിൽപ്പെട്ട കുറച്ച് പടക്കങ്ങൾ സംഭവസ്ഥലത്തു നിന്ന് ലഭിച്ചിട്ടുണ്ട്. വീട്ടുമുറ്റത്തു വെച്ച് പടക്കനിർമ്മാണത്തിന് മുറിച്ച് റെഡിയാക്കുന്ന പനയോലകൾ അത്തോളി- ഉള്ളിയേരി ഭാഗത്തേയ്ക്ക് കൊണ്ടുപോകുന്നതായാണ് വിവരം. അവിടെ സ്ഥലമെടുത്ത് കെട്ടിടവും പണിത് കിണറും കുത്തി പടക്കനിർമ്മാണ ശാല സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നാണ് വിവരം.
സംഭവസ്ഥലത്ത് എത്തിയ ഉത്തരമേഖല ഐജി രാജ്പാൽ മീണക്ക് ലഭിച്ച രഹസ്യ വിവരത്തിലും അവിടെ നിന്ന് മറ്റൊരിടത്തേക്ക് വെടിമരുന്നും മറ്റു വസ്തുക്കളും എത്തിക്കുന്നതായാണ് വിവരം. ആ കേന്ദ്രം കണ്ടെത്തി അതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുന്ദമംഗലം പെരിങ്ങളം മിൽമ പാൽ ഉത്പാദന കേന്ദ്രത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് കുരിക്കത്തൂരിലെ സ്ഫോടനം നടന്ന വാടകവീട്. വീടിന്റെ ഉടമ കഴിഞ്ഞവർഷം നവംബറിലാണ് ഇവർക്ക് വാടകയ്ക്ക് നൽകിയത്. അതിനു മുൻപ് മുണ്ടിക്കൽത്താഴത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. അവിടെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
മെഡിക്കൽ കോളേജ് അസി. കമ്മീഷണർ കെ.എം. ബിജു, കുന്ദമംഗലം ഇൻസ്‌പെക്ടർ എസ്. കിരൺ, എസ്.ഐ.മാരായ കെ. ബാലു, ടി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.