പേരാമ്പ്ര: ആക്രി ശേഖരിക്കാനെന്ന വ്യാജേന പകല്‍സമയങ്ങളില്‍ കറങ്ങിനടന്ന് രാത്രിയിൽ മോഷണം നടത്തുന്ന സംഘത്തെ പേരാമ്പ്ര പോലീസ് പിടികൂടി. പുറവൂര്‍ തെക്കേടത്ത് കടവ്, ചെറുപുത്തലത്ത് അര്‍ഷാദ് (26), തൊട്ടില്‍പ്പാലം മൊയിലോത്തറ, പുത്തൂര്‍ വിഷ്ണു (27) എന്നിവരാണ് അറസ്റ്റിലായത്. മൂലാട് ഭാഗത്തു നിന്ന് കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഇരുമ്പ് ഷീറ്റുകള്‍ മോഷ്ടിച്ച് കടത്തിയ കേസിലാണ് നടപടി.
മോഷണത്തിന് ഉപയോഗിച്ച ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. പകല്‍ സമയങ്ങളില്‍ ആക്രി ശേഖരിക്കാനെന്ന പേരില്‍ കറങ്ങിനടക്കുന്ന പ്രതികള്‍, നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളും മറ്റും നിരീക്ഷിക്കുകയും വിലപിടിപ്പുള്ള സാധനങ്ങള്‍ എവിടെയാണെന്ന് കണ്ടുവെക്കുകയും ചെയ്യും. തുടര്‍ന്ന് രാത്രി ലോറിയുമായെത്തി ഈ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകുന്നതാണ് ഇവരുടെ രീതി. ആക്രിക്കച്ചവടത്തിൻ്റെ മറവില്‍ ഇത്തരം സംഘങ്ങള്‍ സജീവമാണെന്ന പരാതി വ്യാപകമായതോടെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് മൂലാട് നിന്നും ഇരുമ്പ് ഷീറ്റുകള്‍ കാണാതായത്.
മോഷണത്തിന് ശേഷം പോലീസിനെ കബളിപ്പിക്കാന്‍ അതീവ ജാഗ്രതയാണ് പ്രതികള്‍ പുലര്‍ത്തിയിരുന്നത്. മൂലാട് നിന്നും ഷീറ്റുകള്‍ കയറ്റിയ ലോറി നേരിട്ട് കുറ്റ്യാടിയിലേക്ക് പോകാതെ അത്തോളി, പയ്യോളി, വടകര വഴി ചുറ്റിക്കറങ്ങിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. പോലീസിന്റെ സിസിടിവി പരിശോധനയില്‍ നിന്നും രക്ഷപ്പെടാനായിരുന്നു ഈ നീക്കം. എന്നാല്‍ വഴിനീളെയുള്ള ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.
അന്വേഷണം തങ്ങളിലേക്ക് നീങ്ങുന്നുവെന്ന് മനസ്സിലാക്കിയ പ്രതികള്‍ ഉടന്‍ തന്നെ ഒളിവില്‍ പോയി. രണ്ടാഴ്ച മുമ്പ് വിവാഹിതനായ അര്‍ഷാദ്, താന്‍ ഭാര്യയോടൊപ്പം ടൂറിലാണെന്നാണ് നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ പ്രതി തന്റെ ഭാര്യവീട്ടുകാര്‍ താമസിക്കുന്ന വാടകവീട്ടിലേക്ക് വരാന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചു. തുടര്‍ന്ന് ഈ വീട് നിരീക്ഷണത്തിലാക്കിയ പോലീസ് സംഘം അതീവ തന്ത്രപരമായി പ്രതികളെ വലയിലാക്കുകയായിരുന്നു.
പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍മാരായ സനദ് എന്‍. പ്രദീപ്, ശിവപ്രസാദ് എന്നിവരും, എസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എ എസ്ഐ ബിനീഷ് വി.സി, സുനില്‍കുമാര്‍ സി.എം, സി.പി.ഒ ശോഭിത്ത് ടി.കെ, ഡി.വൈ.എസ്.പി സ്‌ക്വാഡ് അംഗങ്ങളായ എസ്.സി.പി.ഒ ജയേഷ് കെ.കെ, സിഞ്ജു ദാസ് സി, ലിതിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. സമാനമായ മറ്റ് കവര്‍ച്ചകളിലും ഇവര്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.