പേരാമ്പ്ര: കായണ്ണയിൽ അമ്മയ്ക്കൊപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരൻ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മൽ ബബിലേഷ്- ദീഷ്‌ണ ദമ്പതികളുടെ ഏക മകൻ ആര്യൻ ആണ് മരിച്ചത്. പേരാമ്പ്ര ധീര ഗ്യാസ് ഏജൻസിക്ക് വേണ്ടി ഗ്യാസ് വിതരണം നടത്തുന്ന വാഹനമാണ് ഇടിച്ചത്.
കൂടത്താംപൊയിൽ അങ്കണവാടിക്ക് സമീപം ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. അമ്മയ്ക്കൊപ്പം കുട്ടി അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. ദൂരെ നിന്ന് പിറകോട്ട് വന്ന പിക്കപ്പ് വാൻ ആര്യന്റെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.