തിരുവനന്തപുരം: കനത്ത ചൂടിനെ തുടർന്ന് വൈദ്യുതി ഉപഭോഗത്തിലുണ്ടായ വർദ്ധനയും പ്രതിസന്ധിയും നേരിടുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. വൈകുന്നേരം 6 മുതൽ രാത്രി 12 വരെയുള്ള സമയത്തായിരിക്കും 30 മിനിറ്റിൽ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. ഊർജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഐഎഎസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
വൈദ്യുതി വാഹന ചാർജിംഗ് വൈകുന്നേരം 6 മുതൽ രാത്രി 12 വരെ പൂർണമായി ഒഴിവാക്കി, പകൽ സമയത്തേക്ക് ക്രമീകരിക്കണം. രാത്രി സമയങ്ങളിൽ എസിയുടെ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കണം. ഇങ്ങനെ ചെയ്യുന്നത് മൂലം വലിയതോതിൽ വൈദ്യുതി ലാഭിക്കാനുമാകും. ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗവും ഈ സമയത്ത് പരമാവധി ഒഴിവാക്കണം. വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റർ, അയേൺ ബോക്സ്, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത ലൈറ്റുകൾ ഈ സമയത്ത് അണയ്ക്കണമെന്നും, വൈദ്യുതിയുടെ ഉത്തരവാദിത്ത പൂർണ്ണമായ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിന് എനർജി മാനേജ്മെന്റ് സെന്ററിനെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.
വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി. അതിരൂക്ഷമായ സ്ഥിതിഗതികൾ ഉണ്ടാവുന്ന ഘട്ടങ്ങളിൽ, ഗ്രിഡ് സ്ഥിരതയ്ക്കായി വൈകുന്നേരം 6 മുതൽ രാത്രി 12 വരെ 30 മിനിറ്റിൽ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര്‍ ചീഫ് എഞ്ചിനീയർക്ക് ഉന്നതതല യോഗം അനുമതി നൽകി. കെഎസ്ഇബി ചെയർമാൻ മിൻഹാജ് ആലം ഐഎഎസ്, ഡയറക്ടർമാർ, ചീഫ് എഞ്ചിനീയർമാർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.