Trending

തൃശൂർ വെടിക്കെട്ട് ദുരന്തം; മരണം 13 ആയി, 13 പേർ പരിക്കേറ്റ് ആശുപത്രിയിൽ, 5 പേർ ഗുരുതരാവസ്ഥയിൽ.

തൃശൂർ: തൃശൂർ പൂരത്തിനായുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ മരണം 13 ആയി. പൊള്ളലേറ്റ 13 ഓളം പേർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. ഇവരിൽ ഒരാൾക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിലായിരുന്നു അപകടം. കിലോമീറ്ററുകൾ ദൂരത്തേയ്‌ക്ക് പോലും വൻ സ്‌ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ട്.

40-ഓളം തൊഴിലാളികൾ ഇവിടെ ജോലി ചെയ്‌തിരുന്നതായാണ് വിവരം. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പടെയുള്ളവർക്കാണ് പൊള്ളലേറ്റത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസുള്ളത് മുണ്ടത്തിക്കോട് സതീശന്റെ പേരിലാണ്. രണ്ടര ഏക്കറിൽ സ്ഥിതി ചെയ്യുന്ന 5 വെടിപ്പുരകൾ കത്തിനശിച്ചു. അപകടം നടന്ന സ്ഥലത്തേക്കുള്ള വഴി ചെറുതായതിനാൽ ഫയർഫോഴ്‌സിന് ഇവിടേയ്‌ക്കെത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കി. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്.

വലിയൊരു പാടശേഖരത്തിന്റെ കരയിലായാണ് വെടിക്കെട്ട് നിർമ്മാണശാല സ്ഥിതി ചെയ്‌തിരുന്നത്. സ്‌ഫോടനത്തെ തുടർന്ന് ഈ പാടശേഖരത്തിലേക്ക് പടക്കങ്ങൾ തെറിച്ചുവീണ് പൊട്ടാൻ തുടങ്ങി. ഉഗ്രസ്‌ഫോടനത്തെ തുടർന്ന് അവശിഷ്‌ടങ്ങൾ ദൂരേക്ക് തെറിച്ചുവീണു പൊട്ടിത്തെറിക്കുന്ന ഭീകരസാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ ആരെയും ഉള്ളിലേക്ക് കടത്തിവിട്ടിരുന്നില്ല. ഒന്നരമണിക്കൂർ എടുത്ത് തീ അണച്ചതിനു ശേഷമാണ് പരിക്കേറ്റവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കാന്നായത്. സ്‌ഫോടനം നടന്ന സമയത്ത് പടക്കശാലയിൽ ഉണ്ടായിരുന്നവരിൽ പലരും ഓടിരക്ഷപ്പെട്ടതായാണ് വിവരം.

സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കണമെന്നായിരുന്നു നിർദ്ദേശം. സ്ഫോടനത്തിന് പിന്നാലെ സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു. രക്ഷാപ്രവർത്തനത്തിന് കനിവ് 108 ഉള്‍പ്പെടെയുള്ള ആംബുലൻസുകൾ സജ്ജമാക്കിയിരുന്നു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശരീരഭാഗങ്ങൾ മൃതദേഹങ്ങളായിട്ടാണ് കണക്കാക്കുന്നതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.

Post a Comment

Previous Post Next Post