Trending

വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; സഞ്ജുവിൻ്റെ ചിറകിലേറി ഇന്ത്യ സെമിയിൽ കടന്നു.


കൊല്‍‌ക്കത്ത: വാശിയേറിയ പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ടീം ഇന്ത്യ ട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ കടന്നു. സഞ്ജു സാംസന്റെ 97 റൺസിന്റെ തകർപ്പൻ‌ നോട്ടൗട്ട് പോരാട്ടമാണ് ഇന്ത്യയെ നിർണായക മത്സരത്തിൽ വിജയിപ്പിച്ചത്. വിൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 

ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ ബൗണ്ടറി നേടി മികച്ച തുടക്കമാണ് അഭിഷേക്, ഇന്ത്യയ്ക്ക് നൽകിയത്. രണ്ടാമത്തെ ഓവറിലും അഭിഷേക് ഒരു ബൗണ്ടറി നേടിയെങ്കിലും ആദ്യ രണ്ട് ഓവറുകളിൽ 12 റൺസ് മാത്രമാണ് പിറന്നത്. അകീൽ ഹുസൈൻ എറിഞ്ഞ മൂന്നാം ഓവറിൽ രണ്ടു സിക്സും ഒരു ഫോറും സഹിതം സഞ്ജു സാംസൺ ആക്രമണം തുടങ്ങിയതോടെയാണ് ഇന്ത്യൻ സ്കോർ ബോർഡ് ചലിച്ചത്.

മൂന്നാം ഓവറിൽ ഇന്ത്യക്ക് അഭിഷേക് ശർമയുടെ (10) വിക്കറ്റ് നഷ്ടമായി. ഹൊസീന്റെ പന്തിൽ ഷിംറോൺ ഹെറ്റ്‌മെയർക്ക് ക്യാച്ച്. അഞ്ചാം ഓവറിൽ ഇഷാൻ കിഷനും (10) മടങ്ങി. ഹോൾഡർക്കായിരുന്നു വിക്കറ്റ്. പിന്നാലെ സൂര്യകുമാർ യാദവും (18) സഞ്ജുവും ചേർന്ന് 58 റൺസ് എടുത്തു. എന്നാൽ 11ാം ഓവറിൽ സൂര്യകുമാർ മടങ്ങി. തുടർന്നെത്തിയ തിലക് വർമ്മ (15 പന്തിൽ 27)- സഞ്ജു കൂട്ട്കെട്ട് വേഗത്തിൽ 42 റൺസ് ചേർത്തു. 15-ാം ഓവറിൽ തിലക് മടങ്ങി.

തുടർന്നെത്തിയ ഹാർദിക് പാണ്ഡ്യക്കും (17) കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. 19-ാം ഓവറിലാണ് ഹാർദ്ദിക് മടങ്ങുന്നത്. തുടര്‍ന്ന് സഞ്ജു-ശിവം ദുബെ (4 പന്തിൽ 8) യുമായി ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അവസാന ഓവറിൽ ഏഴ് റൺസ് ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നു. റൊമാരിയോയുടെ ആദ്യ പന്ത് തന്നെ സഞ്ജു സിക്‌സർ പറത്തി. പിന്നാലെ ഫോറും. ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. 50 പന്തുകൾ നേരിട്ട താരം നാല് സിക്‌സും 12 ബൗൺഡറിയും നേടി. മാർച്ച് 5ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമിഫൈനലിൽ ഇന്ത്യ, ഇംഗ്ലണ്ടിനെ നേരിടും.

Post a Comment

Previous Post Next Post