Trending

ഖമനെയിയുടെ താത്കാലിക പിൻഗാമി അയത്തൊള്ള അറാഫി; പ്രഖ്യാപിച്ച് ഇറാൻ.


ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ലീഡർഷിപ്പ് കൗൺസിലിന്റെ മേധാവിയായി ആയത്തുള്ള അലിറേസ അറഫിയെ നിയമിച്ചു. ഐഎസ്‌എൻ‌എ വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ അദ്ദേഹത്തിന്റെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുക എന്നതാണ് കൗൺസിലിന്റെ ലക്ഷ്യം. അലിറേസ അറഫിയെ കൂടാതെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഘോലാംഹൊസൈൻ മൊഹ്‌സെനി എജെയ് എന്നിവരാണ് ഈ താൽക്കാലിക സമിതിയിലെ മറ്റ് അംഗങ്ങൾ.

ഗാർഡിയൻ കൗൺസിലിലെ പുരോഹിത അംഗം കൂടിയാണ് അലിറേസ അറഫി. വിദഗ്ധ സമിതി പുതിയ നേതാവിനെ കണ്ടെത്തുന്നതുവരെ ഗാർഡിയൻ സമിതിയാണ് ഭരണപരമായ മേൽനോട്ടം വഹിക്കുക. അമേരിക്കയ്ക്കെതിരെ ശക്തമായ തീരുമാനങ്ങളെടുത്തിരുന്ന നേതാവായിരുന്നു ഖമനേയി. അദ്ദേഹവുമായി ചേർന്നുപോകുന്നതാണ് അലിറേസ അറഫിയുടെ നിലപാടുകളുമെന്നാണ് റിപ്പോർട്ടുകൾ. സാമ്രാജ്യത്വ ശക്തികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ അലിറേസ അറഫി തയാറെടുക്കുന്നതായാണ് വിവരം.

അതേസമയം, ഇറാന്റെ കരുത്തുറ്റ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (IRGC) പുതിയ മേധാവിയായി അഹമ്മദ് വാഹിദിയെ നിയമിച്ചു. മുൻ കമാൻഡർ-ഇൻ-ചീഫ് ജനറൽ മുഹമ്മദ് പക്പൂർ ശനിയാഴ്ച നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഈ അടിയന്തര നിയമനം. ഇറാന്റെ പ്രതിരോധം, രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ എന്നിവയിൽ നിർണ്ണായക സ്വാധീനമുള്ള വിഭാഗമാണ് ഐആർജിസി. രാജ്യത്തെ സാധാരണ സൈന്യത്തിൽ നിന്ന് സ്വതന്ത്രമായാണ് ഇത് പ്രവർത്തിക്കുന്നത്.

Post a Comment

Previous Post Next Post