മാനന്തവാടി: വയനാട് മാനന്തവാടിയിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. കാർ യാത്രക്കാരായ കോടഞ്ചേരി കല്ലന്ത്രമേട് സ്വദേശി വെള്ളാങ്കൽ രഞ്ജു മാത്യു എന്ന ഷാജനും, ഒരു ഇതര സംസ്ഥാന തൊഴിലാളിയുമാണ് മരിച്ചത്. കല്ലന്ത്രമേട് എവർഗ്രീൻ ബിൽഡേഴ്സ് ഉടമയാണ് ഷാജൻ.
ഇന്ന് രാത്രി ഏഴരയോടെ കൂളിവയൽ കാപ്പുംചാലിൽ ആയിരുന്നു അപകടം. കാറിൽ കുടുങ്ങിക്കിടന്ന ഒരാളെ ഫയർഫോഴ്‌സ് എത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇയാളുടെ നില ഗുരുതരമാണ്. KL 57 AC6633 ചുവന്ന സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. നാലുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.