Trending

ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നാളെ.

ബാലുശ്ശേരി: ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മാർച്ച് 10ന് നാടിന് സമര്‍പ്പിക്കും. ആധുനിക ചികിത്സാ സൗകര്യങ്ങളോടെയാണ് ഈ ബഹുനില കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയത്. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ കരുതലിന്റെ നേർസാക്ഷ്യമാണിത്. അഡ്വ. കെ.എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ഈ ചടങ്ങ് ആരോഗ്യമേഖലയിലെ കേരള മോഡലിന്റെ മറ്റൊരു തിളക്കമാർന്ന അധ്യായമായി മാറും. 

26.31 കോടി രൂപ ചെലവിട്ടാണ് 43,855.17 ചതുരശ്ര അടിയില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. അത്യാഹിത വിഭാഗം, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, വിവിധ ഒ.പി റൂമുകള്‍, ഗൈനക് ഒ.ടി, ലേബര്‍ റൂം, ട്രിയാജ്, എന്‍ഐസിയു, ജനറല്‍ സര്‍ജറി ഒ.ടി, ഓര്‍ത്തോ ഒ.ടി, സര്‍ജിക്കല്‍ ഐസിയു, എച്ച് ലബോറട്ടറി, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള പ്രത്യേക വാര്‍ഡുകള്‍, പീഡിയാട്രിക് വാര്‍ഡ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് തുടങ്ങിയ സൗകര്യങ്ങളാണ് അഞ്ച് നിലകളുള്ള കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവിലെ കെട്ടിടത്തിന് മുകളില്‍ നിര്‍മ്മിച്ച വെര്‍ട്ടിക്കല്‍ ബ്ലോക്കും ആശുപത്രിയുടെ മുഖച്ഛായ മാറ്റിയിട്ടുണ്ട്. 1.14 ഏക്കറിലാണ് ആശുപത്രിയുള്ളത്. 

ഒരേസമയം 20 പേര്‍ക്ക് വരെ ഉപയോഗിക്കാവുന്ന ലിഫ്റ്റ്, സിസിടിവി, മലിനജല സംസ്‌കരണ പ്ലാന്റ്, അഗ്‌നിരക്ഷാ സംവിധാനം, കുടിവെള്ളത്തിനും അഗ്‌നിശമനത്തിനുമായി 1,50,000 ലിറ്റര്‍ ശേഷിയുള്ള ഭൂഗര്‍ഭജല സംഭരണി, കുടിവെള്ളത്തിന് മാത്രമായി 70,000 ലിറ്റര്‍ ശേഷിയുള്ള മറ്റൊരു ഭൂഗര്‍ഭജല സംഭരണി എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ 20,000 ലിറ്റര്‍ ശേഷിയുള്ള അഗ്‌നിശമന ഓവര്‍ഹെഡ് ടാങ്കിന്റെയും 10,000 ലിറ്റര്‍ ശേഷിയുള്ള ഓവര്‍ഹെഡ് ഫ്‌ളഷ് ടാങ്കിന്റെയും പണിയും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബയോഗ്യാസ് പ്ലാന്റ്, ട്രാന്‍സ്‌ഫോര്‍മര്‍, ജനറേറ്റര്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

Post a Comment

Previous Post Next Post