Trending

യുവത്വത്തിൻ്റെ ആവേശപ്പോരിൽ ബാലുശ്ശേരി ആരെ തുണയ്ക്കും?


ബാലുശ്ശേരി: വടക്കൻ കേരളത്തിലെ നിർണായക രാഷ്ട്രീയ കേന്ദ്രങ്ങളിലൊന്നാണ് ബാലുശ്ശേരി. യുവത്വത്തിന്‍റെ കരുത്തിൽ ഇടതുപക്ഷം ഉറപ്പിച്ച കോട്ട. പട്ടികജാതി സംവരണ മണ്ഡലമായ ബാലുശ്ശേരി പതിറ്റാണ്ടുകളായി എൽഡിഎഫിൻ്റെ ഉറച്ച കോട്ടയാണ്. മണ്ഡലം സംവരണമാകുന്നതിന് മുൻപ് കോൺഗ്രസും സോഷ്യലിസ്റ്റ് പാർട്ടികളും ബാലുശ്ശേരിയിൽ വിജയിച്ചിട്ടുണ്ട്. എന്നാൽ 2011-ൽ മണ്ഡലം പട്ടികജാതി സംവരണമായതോടെ ഇടതുപക്ഷത്തിൻ്റെ സ്വാധീനം ശക്തമാക്കി.

ബാലുശ്ശേരിയിൽ ഇത്തവണ യുവ നേതാക്കളാണ് തെരഞ്ഞെടുപ്പ് പോരിന് ഇറങ്ങുന്നത്. ഇടതുകോട്ടയായ ബാലുശ്ശേരി മണ്ഡലം നിലനിർത്താൻ ഇറങ്ങുകയാണ് നിലവിലെ എംഎൽഎയായ കെ.എം സച്ചിൻദേവ്. കെഎസ്‌യുവിൻ്റെ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി.ടി സൂരജിനെയാണ് കാലങ്ങളായി കൈ പിടിക്കാത്ത ബാലുശ്ശേരി പിടിക്കാൻ യുഡിഎഫ് രംഗത്തിറക്കിയത്. യുവ ജനപ്രതിനിധികൾ ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ യുവവോട്ടർമാരുടെ തീരുമാനവും നിർണ്ണായകമാകും.

മണ്ഡലത്തിലും സംസ്ഥാനത്ത് ആകമാനവും നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് എൽഡിഎഫിൻ്റെ പ്രചാരണായുധം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റങ്കിലും രാഷ്ട്രീയമായി മേൽകൈ ഉണ്ടെന്നാണ് ഇടതു ക്യാംപിൻ്റ വിലയിരുത്തൽ. യുവാക്കളുടെ വോട്ട് ഏകീകരിച്ച് മണ്ഡലം പിടിക്കാവുമെന്നാണ് യുഡിഎഫിൻ്റെ പ്രതീക്ഷ. വേട്ട് വിഹിതം കുറവായ എൻഡിഎയ്ക്ക് മണ്ഡലത്തിൽ സ്വാധീനം വളരെ കുറവാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 16,490 വോട്ടുകളാണ് എൻഡിഎയ്ക്ക് നേടാനായത്. ഇത്തവണ വോട്ട് വിഹിതം കൂട്ടാനാവും എൻഡിഎയുടെ ശ്രമം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരി മണ്ഡലത്തിൽ 69,225 വോട്ടുകളാണ് യുഡിഎഫ് നേടിയത്. എൽഡിഎഫിന് നേടാനായത് 68,028 വോട്ടുകളും. ഇതേ കാറ്റ് നിയമസഭയിലും ആഞ്ഞടിക്കുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. 2021-ൽ 20,000ന് മുകളിൽ ഭൂരിപക്ഷം നേടിയാണ് സച്ചിൻദേവ് വിജയിച്ചത്. സിനിമാ താരമായ ധർമ്മജനെ സ്ഥാനാർത്ഥിയാക്കിയെങ്കിലും പിടിച്ചു നിക്കാൻ കോൺഗ്രസിനായില്ല. യുവാക്കൾ ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ യുവ വോട്ടർമാരുടെ മനസ്സും ഇത്തവണ നിർണ്ണായകമാകും.

അഡ്വ.കെ.എം സച്ചിൻദേവ് (എൽഡിഎഫ്).
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവേശം. കോഴിക്കോട് ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ഗവ.ലോ കോളേജിൽ നിന്നും നിയമ ബിരുദവും നേടി. എസ്എഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി, പ്രസിഡന്‍റ്, നാല് വർഷം സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി, സംസ്ഥാന സമിതി അംഗം, സിപിഎം ഏരിയ കമ്മിറ്റി അംഗം, ജില്ലാ കമ്മിറ്റി അംഗം എന്നീ പദവികൾ അലങ്കരിച്ചു. 27-ാം വയസ്സിൽ ബാലുശ്ശേരി സംവരണ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. ഭാര്യ: തിരുവനന്തപുരം കോർപ്പറേഷൻ മുൻ മേയർ ആര്യ രാജേന്ദ്രൻ.

വി.ടി സൂരജ് (യുഡിഎഫ്).
നിലവിൽ കെഎസ്‌യു ജില്ലാ പ്രസിഡന്‍റ്. ബിരുദാനന്തര ബിരുദധാരി. തൊഴിലാളിയായ എരവട്ടൂർ ചേനായി വേട്ടുവർ കണ്ടി തറമ്മൽ നാരായണന്‍റെയും പുഷ്പയുടെയും മകൻ. സഹോദരൻ: വി.ടി സായൂജ്. ജില്ലയിൽ നിരവധി വിദ്യാർത്ഥി പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം നൽകി. 2023ൽ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ ഡിഡിഇ. ഓഫീസ് ഉപരോധ സമരത്തിൽ ക്രൂരമായി പോലീസ് മർദ്ദനം ഏറ്റിട്ടുണ്ട്.

സി.പി സതീഷ് (എൻഡിഎ).
ബിജെപി കോഴിക്കോട് റൂറൽ ജില്ല വൈസ് പ്രസിഡന്റാണ്. ആർഎസ്എസിലൂടെ പൊതുപ്രവർത്തനം ആരംഭിച്ചു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയാണ്. പട്ടർപാലം ഏലിയറമല പ്രക്ഷോഭം ഉൾപ്പെടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. സമരങ്ങളുടെ പേരിൽ രണ്ട് തവണ ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. എടക്കര പട്ടർപാലം കന്നംകുറ്റിയിൽ പത്മനാഭൻ-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീകല. മക്കൾ: കല്യാണി എസ്.സതീഷ്, മീനാക്ഷി എസ്. സതീഷ്.


Post a Comment

Previous Post Next Post