കോഴിക്കോട്: കോഴിക്കോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയ്ക്ക് ഗുരുതര പരിക്ക്. നാദാപുരം പുറമേരി സ്വദേശി ഐശ്വര്യ രാമകൃഷ്ണൻ (20) ആണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിനിയുടെ താടിയെല്ലിന് പൊട്ടലുണ്ട്. രണ്ട് പല്ലുകളും പൂര്‍ണമായി നഷ്ടമാവുകയും രണ്ടെണ്ണം പൊട്ടിപ്പോവുകയും ചെയ്തു. ആലുവ യു.സി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഐശ്വര്യ.
ഇന്നലെ രാത്രിയിൽ കോളേജ് കഴിഞ്ഞ് ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ കടലുണ്ടിക്കും ഫറോക്കിനും ഇടയില്‍ വെച്ചാണ് സംഭവം. കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞത് ആരാണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഈ ട്രെയിനിന് മുമ്പ് കടന്നുപോയ വന്ദേഭാരത് എക്‌സ്പ്രസിനു നേരെയും കല്ലേറുണ്ടായിരുന്നു. വിദ്യാര്‍ത്ഥിനി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.