Trending

നായ കുറുകെ ചാടി; കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു: തീർത്ഥാടകർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.


അത്തോളി: നായ കുറുകേ ചാടിയതിനെ തുടർന്ന് ബ്രേക്കിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു. അത്ഭുതകരമായാണ് കാറിലുണ്ടായിരുന്ന തീർത്ഥാടകർ രക്ഷപ്പെട്ടത്. അത്തോളി സംസ്ഥാനപാതയിൽ ഇന്ന് പുലർച്ചെ 2.15നായിരുന്നു സംഭവം. മംഗലാപുരത്ത് നിന്ന് മാവേലിക്കരയിലേക്ക് മടങ്ങുകയായിരുന്ന തീർത്ഥാടകരായ മാവേലിക്കര സ്വദേശി വിശാലും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന 26 ബി എച്ച് 8516 എന്ന നമ്പർ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു.

മൂകാംബിക ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങും വഴി കൊയിലാണ്ടിയിൽ നിന്ന് ഗൂഗിൾ മാപ്പ് നോക്കിയാണ് സംസ്ഥാനപാതയിൽ പ്രവേശിച്ചത്. അർദ്ധരാത്രി ആരോ റോഡിന് കുറുകെ മറികടക്കുന്നതായി തോന്നി. അയാളെ രക്ഷപ്പെടുത്താനായി വിശാൽ കാർ വെട്ടിക്കുകയായിരുന്നു. കാറിൽ നിന്നിറങ്ങിയപ്പോഴാണ് തെരുവുനായ കുറുകേ ചാടിയതാണെന്ന് മനസ്സിലായതെന്ന് വിശാൽ പറഞ്ഞു. 

എലത്തൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായും നിശ്ചലമായിരുന്നു. ഈ ഭാഗത്ത് അപകടമുണ്ടാകുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ നാലാമത്തെ അപകടമാണിതെന്നും സ്ഥലത്ത് അപായസൂചനാ ബോർഡ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. റോഡിന്റെ വശങ്ങളിൽ സ്ലാബിട്ടിട്ടുണ്ടെങ്കിലും പാതി പൊട്ടിയ നിലയിലാണ്.

Post a Comment

Previous Post Next Post