Trending

ഹാൻസ് കൈവശം വച്ചതിന് എക്‌സൈസ് പിഴയിട്ടു; യാത്രക്കാരൻ അരിശം തീർത്തത് കണ്ടക്‌ടറെ തല്ലിച്ചതച്ച്.


കോഴിക്കോട്: ഹാൻസ് കൈവശം വച്ചതിന് കെഎസ്‌ആർടിസി യാത്രക്കാരന് എക്‌സൈസ് ഉദ്യോഗസ്ഥർ പിഴയിട്ടു. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സിലാണ് സംഭവം. ഇതിന്റെ ദേഷ്യം തീർക്കാനായി യാത്രക്കാരൻ കണ്ടക്‌ടറെ മർദ്ദിച്ചു.

കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെ 7.20 ഓടെയായിരുന്നു സംഭവം. ചേളന്നൂർ കണ്ണങ്കര മനയിൽത്താഴം സ്വദേശി എം.എം അഭിജിത്തിനാണ് (43) മർദ്ദനമേറ്റത്. കോഴിക്കോട്ടേക്ക് വരും വഴി തോൽപ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ എത്തിയപ്പോഴാണ് ഹാൻസ് കൈവശം വച്ചതിന് യാത്രക്കാരനോട് ഉദ്യോഗസ്ഥർ പിഴയൊടുക്കാൻ ആവശ്യപ്പെട്ടത്.

എന്നാൽ, പിഴയടക്കാൻ യാത്രക്കാരൻ തയ്യാറായില്ല. തുടർന്ന് ഇയാളുടെ പേരും മേൽവിലാസവും ചോദിച്ചറിഞ്ഞ എക്‌സൈസ് ഉദ്യോഗസ്ഥർ കോടതിയിൽ പിഴയടക്കാൻ ആവശ്യപ്പെട്ടു. യാത്രക്കാരൻ അത് സമ്മതിക്കുകയും ചെയ്‌തു. ബസ് കോഴിക്കോട് കെഎസ്‌ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോൾ യാത്രക്കാരൻ കണ്ടക്‌ടറുടെ അടുത്തേക്കെത്തി.

ഈ സമയം കണ്ടക്‌ടർ തന്റെ സീറ്റിലിരുന്ന് ടിക്കറ്റ് മെഷീനിൽ കണക്കുകൾ പരിശോധിക്കുകയായിരുന്നു. ഇതിനിടെ ഒരു പ്രകോപനവുമില്ലാതെ യാത്രക്കാരൻ കണ്ടക്‌ടറെ മർദ്ദിക്കുകയായിരുന്നു. യാത്രക്കാരനെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് നടക്കാവ് പോലീസ് പറഞ്ഞു. കണ്ടക്‌ടർ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post