Trending

മാസപ്പിറവി കണ്ടില്ല: ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ഈദുല്‍ ഫിത്വര്‍ വെള്ളിയാഴ്ച.


റിയാദ്: സൗദി അറേബ്യയില്‍ എവിടെയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ഈദുല്‍ ഫിത്വർ വെള്ളിയാഴ്ച. മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീംകോടതി നിർദ്ദേശിച്ചതനുസരിച്ച്‌ ബുധനാഴ്ച വൈകുന്നേരം വിവിധയിടങ്ങളില്‍ നിരീക്ഷണം നടന്നുവെങ്കിലും ചന്ദ്രക്കല ദൃശ്യമായില്ല. ഉമ്മുല്‍ ഖുറാ കലണ്ടർ പ്രകാരം വ്യാഴാഴ്ച റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ചയാണ് ശവ്വാല്‍ ഒന്ന്.

സൗദിയിലെ പ്രധാന മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളായ സുദൈർ, തുമൈർ എന്നിവിടങ്ങളില്‍ വൈകുന്നേരം മുതല്‍ നിരീക്ഷണം ആരംഭിച്ചിരുന്നു. എന്നാല്‍ ആകാശം മേഘാവൃതമായതിനാല്‍ ചന്ദ്രക്കല ദൃശ്യമായില്ലെന്ന് നിരീക്ഷകർ അറിയിച്ചു. റമദാൻ 30 പൂർത്തിയാകുന്നതോടെ ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തവണ വെള്ളിയാഴ്ചയാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുക.

ഒമാനിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കുന്ന പ്രത്യേക സമിതി നാളെ യോഗം ചേരുമെന്ന് മതകാര്യമന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സയീദ് അൽ മഅ്മരി യുടെ അധ്യക്ഷതയിൽ മസ്കറ്റിലാണ് യോഗം ചേരുക. മറ്റു ഗൾഫ് രാജ്യങ്ങളെക്കാൾ ഒരു ദിവസം വൈകിയാണ് ഒമാനിൽ റംസാൻ വ്രതം തുടങ്ങിയത്. വ്യാഴാഴ്ച മാസപ്പിറവി കണ്ടില്ലെങ്കിൽ റംസാൻ മുപ്പത് പൂർത്തിയാക്കി ശനിയാഴ്ചയാണ് ഒമാനിൽ ചെറിയപെരുന്നാൾ ആഘോഷിക്കുക.

യുഎഇയിലും ഖത്തറിലും സൗദി അറേബ്യയിലും പെരുന്നാൾ നമസ്‌കാരത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തിൻ്റ പശ്ചാത്തലത്തിലാണ് യുഎഇയിലും ഖത്തറിലും പെരുന്നാൾ നമസ്‌കാരം പള്ളികളിൽ മാത്രമാക്കിയത്. ഈദ്ഗാഹുകൾ വേണ്ടെന്ന് യുഎഇ, ഖത്തർ മതകാര്യ മന്ത്രാലയങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ പെരുന്നാൾ നമസ്‌കാരം മസ്ജിദുകളിൽ മാത്രം മതിയെന്ന് സൗദി അറേബ്യയും അറിയിച്ചു. ബുധനാഴ്ച മുതൽ തിങ്കളാഴ്ച വരെ രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Post a Comment

Previous Post Next Post