Trending

ഈ മാസം ഒരു ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും; വൈദ്യുതിയില്ലാത്ത വീടുകൾക്ക് നാലു ലിറ്റർ.


തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകള്‍ വഴി മൂന്ന് മാസത്തിലൊരിക്കല്‍ നല്‍കിയിരുന്ന മണ്ണെണ്ണ വിഹിതം ഈ മാസം തന്നെ പൂർണ്ണമായും വിതരണം ചെയ്യാൻ ഭക്ഷ്യവകുപ്പിൻ്റെ തീരുമാനം. വീട്ടിൽ വൈദ്യുതിയുള്ളവർക്ക് ഒരു ലിറ്റർ മണ്ണെണ്ണ ഈ മാസം നൽകും. വൈദ്യുതിയില്ലാത്തവർക്ക് നാലു ലിറ്ററും. കേന്ദ്രം അനുവദിച്ച മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

2025-26 വർഷത്തിന്റെ നാലാം പാദത്തിൽ അനുവദിച്ച മണ്ണെണ്ണ ജനുവരിയിലും, ഫെബ്രുവരിയിലും വാങ്ങിയവർക്കും വാങ്ങാത്തവർക്കും നൽകും. ഓരോ താലൂക്കിലെയും ലഭ്യത അനുസരിച്ചായിരിക്കുമിത്. മാർച്ച് 31ന് മുമ്പ് വിതരണം പൂർത്തിയാക്കാനാണ് ഭക്ഷ്യവകുപ്പ് നൽകിയിട്ടുള്ള നിർദ്ദേശം. അല്ലാത്തപക്ഷം സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണ നഷ്ടമാകും.

പല താലൂക്കുകളിലും മണ്ണെണ്ണ വിതരണത്തിനു മൊത്തവിൽപ്പന ശാലകളില്ല. അതിനാൽ, റേഷൻകടക്കാർക്ക് മറ്റു താലൂക്കുകളിൽ പോയി മണ്ണെണ്ണ ഏറ്റെടുക്കേണ്ട സാഹചര്യമായിരുന്നു. ഭാരിച്ച ചെലവുകാരണം പലരും ദൂര സ്ഥലങ്ങളിൽപ്പോയി മണ്ണെണ്ണയെടുക്കാൻ തയ്യാറായില്ല. അതിനാൽ മൂന്നു മാസത്തിലൊരിക്കൽ അനുവദിക്കുന്ന മണ്ണെണ്ണ പല കാർഡുടമകൾക്കും ലഭിച്ചിരുന്നില്ല. ഇതോടെയാണ് മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായത്.

മുഴുവൻ ആളുകൾക്കും മണ്ണെണ്ണ ലഭിക്കണമെങ്കിൽ മാർച്ചിലെ വിഹിതവും ഏറ്റെടുക്കാൻ റേഷൻകടക്കാർ തയ്യാറാകണം. അല്ലെങ്കിൽ, സംസ്ഥാനത്തെ ഏതു റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനുള്ള പോർട്ടബിലിറ്റി സംവിധാനം കാർഡുടമകൾ പ്രയോജനപ്പെടുത്തണം.

Post a Comment

Previous Post Next Post