എളേറ്റിൽ: പരപ്പൻപൊയിൽ- പുന്നശ്ശേരി റോഡ് പണി ഇഴയുന്നത് കാരണം പൊടിശല്യം അതിരൂക്ഷം. റോഡ് നവീകരണ പ്രവർത്തികൾ നീണ്ടുപോകുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. മാസങ്ങളായി തുടരുന്ന പണി യാതൊരു പുരോഗതിയും ഇല്ലാതെ ഇഴഞ്ഞു നീങ്ങുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. ഇതോടെ ദിവസേന യാത്ര ചെയ്യുന്നവർക്ക് പോലും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
പ്രധാനമായും, റോഡിൽ നിന്നുയരുന്ന പൊടിപടലങ്ങൾ ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി നാട്ടുകാർ പറയുന്നു. കുട്ടികൾക്കും, മുതിർന്നവർക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. റോഡിന്റെ പ്രവൃത്തി കരാറെടുത്ത കമ്പനി റോഡിൽ വെളളം തളിക്കുന്നുണ്ടെങ്കിലും റോഡിനു സമീപത്തെ വ്യാപാര സ്ഥാപനങ്ങളും, വീടുകളും പൊടിശല്യം കാരണം വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
“വേനൽ തീരുന്നതിന് മുൻപെ പണി തീരാതെ നീണ്ടു പോയാൽ മഴ പെയ്ത് റോഡ് ചെളിക്കുളമാവുക കൂടി ചെയ്താൽ പിന്നെ മറ്റു എങ്ങോട്ടെങ്കിലും മാറിത്താമസിക്കേണ്ടി വരുമെന്ന്" നാട്ടുകാർ പറയുന്നു. റോഡ് പണി തുടങ്ങിയതു മുതൽ നിരവധി വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. പല തവണ ബന്ധപ്പെട്ട അധികൃതരോട് പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിൽ ജനങ്ങളിൽ അമർഷമുണ്ട്.
അതേസമയം ഈ റോഡ് കടന്നുപോകുന്ന വിവിധ പഞ്ചായത്തുകളിൽപ്പെട്ട ആളുകൾ സ്ഥലം വിട്ടു നൽകാത്തതും, ജോലിക്കാരുടെ അഭാവവും റോഡ് പണി തീരാത്തതിന് കാരണാമാകുന്നതെന്നും പറയപ്പെടുന്നു. കിഴക്കോത്ത് ഗ്രാമപഞ്ചായതിൽ നിന്നും 2 പേരും, നരിക്കുനി ഗ്രാമപഞ്ചായതിൽ നിന്ന് 5 പേരും, കാക്കൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് 16 പേരുമാണ് സ്ഥലം വിട്ടു കൊടുക്കാനുളളതെന്നാണ് കഴിഞ്ഞ മാസം റോഡ് വികസനവുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിൽ നിന്നും ലഭിച്ച വിവരം.
കരാർ കമ്പനിയുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. റോഡുപണി വേഗത്തിലാക്കുകയും, പൊടിശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകാനാണ് പ്രദേശവാസികളുടെ തീരുമാനം.