കുന്ദമംഗലം: കുന്ദമംഗലം കളരിക്കണ്ടിയിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരണപ്പെട്ട സംഭവത്തിൽ ബന്ധു അറസ്റ്റിൽ. കളരിക്കണ്ടി എറാച്ചുടല ശശീന്ദ്രനെയാണ് (56) കുന്ദമംഗലം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കളരിക്കണ്ടി എറാച്ചുടല ബാബു (46) മരിച്ചത്. അവശ നിലയിലായ ബാബുവിനെ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മരിക്കുകയുമായിരുന്നു.
ശനിയാഴ്ച പുലർച്ചെ ഉത്സവസ്ഥലത്ത് വെച്ച് ബാബുവിനെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ചിലർ മർദ്ദിച്ചെന്ന പരാതി ഉയർന്നിരുന്നു. സംഭവ ദിവസം തന്നെ ഭാര്യ സഹോദരനായ ശശീന്ദ്രനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പോലീസ് പിന്നീട് കൊലപാതകമടക്കമുള്ള വകുപ്പ് ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മരിച്ച ബാബുവും ശശീന്ദ്രനും കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും ഇതിന്റെ പേരിൽ അടിപിടി ഉണ്ടായിരിക്കാം എന്നുമാണ് പോലീസിന് ലഭിച്ച വിവരം. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
ഇ.സി ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തി കർശ്ശനമായ നിയമനടപടി സ്വീകരിക്കണമെന്ന് സിപിഎം കളരിക്കണ്ടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സെക്രട്ടറി കെ. ഷിജു പറഞ്ഞു. എൻ. ഷിയോലാൽ, എ.പി. ദേവദാസൻ, പി. സദാനന്ദൻ എന്നിവർ സംസാരിച്ചു.