ന്യൂഡൽഹി: പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ നേവി ഉദ്യോഗസ്ഥൻ പിടിയിൽ. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ വേണ്ടി ചാരപ്പണി നടത്തുകയും തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിനും ഇന്ത്യൻ നേവിയിലെ ലാൻസ് നായിക്കിനെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) ആണ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് ആഗ്ര സ്വദേശിയായ ലക്കി എന്ന ആദർശ് കുമാർ (24) ആണ് പിടിയിലായത്.
ഐഎസ്‌ഐ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ത്യയെ ലക്ഷ്യം വച്ചുള്ള ചാരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നുമുള്ള ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു അറസ്റ്റെന്ന് മുതിർന്ന ഉത്തർപ്രദേശ് എ.ടി.എസ് ഉദ്യോഗസ്ഥർ അറിയിച്ചു." നാവികസേനയിൽ ലാൻസ് നായിക്കായി സേവനമനുഷ്ഠിച്ചിരുന്ന ഇയാൾ കൊച്ചിയിലെ സതേൺ നേവൽ കമാൻഡ് ഉദ്യോഗസ്ഥനാണ്.
ആദർശ് കുമാറിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഐഎസ്‌ഐ ഏജന്‍റിന് പണം കൈമാറിയതായും തന്ത്രപരമായി പ്രധാന നാവിക യുദ്ധക്കപ്പലുകളുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകളും വിവരങ്ങളും ഇയാൾ പങ്കിട്ടതായും അധികാരികൾ അവകാശപ്പെടുന്നു."ചാരവൃത്തി ശൃംഖലയിൽ മറ്റേതെങ്കിലും വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം മറ്റു കാര്യങ്ങൾ അന്വേഷണം നടത്തിവരികയാണ്.