പാലക്കാട്: പട്ടാമ്പിയിൽ പട്ടാപ്പകൽ വൻ കവർച്ച. മുഖത്ത് മുളകുപൊടി വിതറി വീട്ടമ്മയുടെ സ്വർണമാലയും വീട്ടിലെ അലമാരയില്‍ നിന്ന് പണവും കവർന്നു. പട്ടാമ്പി ബീവറേജസ് കോർപ്പറേഷന് എതിർവശം കാട്ടുപറമ്പിൽ റസാഖിന്റെ വീട്ടിലാണ് മോഷണം. റസാഖിന്റെ ഭാര്യ സൽമത്തിൻ്റെ (45) കഴുത്തിലെ നാലു പവൻ തൂക്കം വരുന്ന മാലയും ഏഴു ലക്ഷം രൂപയുമാണ് മോഷണ സംഘം കവർന്നത്.
ഇന്ന് രാവിലെ 10.40 ഓടെയായിരുന്നു നാടിനെ നടുക്കിയ കവർച്ച. ഒരാൾ വീടിന് പിന്നിലൂടെയെത്തി സൽമത്തിന്റെ വായിൽ തുണി തിരുകി. തുടർന്ന് മുഖത്ത് മുളകുപൊടി വിതറി മാല പൊട്ടിച്ചെടുത്തു. ഈ സമയം മറ്റൊരു പ്രതി മുൻവാതിലിലൂടെ അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ സൽമത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃത്താല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തിരക്കേറിയ റോഡിന് സമീപം നടന്ന ഈ അതിക്രമം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.