കല്‍പ്പറ്റ: അതിജീവനത്തിന്റെ കരുത്തിൽ പുതിയ പ്രതീക്ഷയേകി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നിർമ്മാണം പൂർത്തിയാക്കിയ 178 വീടുകളാണ് ദുരന്തബാധിതർക്കായി മുഖ്യമന്ത്രി കൈമാറിയത്. 'മനുഷ്യത്വത്തിന്റെ സവിശേഷതയാണ് മുണ്ടക്കൈ-ചൂരല്‍മല അതിജീവനത്തിൽ കാണാനായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മഴയ്ക്ക് മുമ്പ് ബാക്കിയുള്ളവർക്ക് വീട് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. നിരവധിയാളുകൾ ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായി. സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുമ്പായി ടൗണ്‍ഷിപ്പിലെ നിര്‍മ്മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഉദ്ഘാടന പ്രസംഗത്തിനു ശേഷമായിരുന്നു ദുരന്തബാധിതർക്ക് പട്ടയം മുഖ്യമന്ത്രി വിതരണം ചെയ്തത്. ദുരന്തത്തിന് ഇരയായി ഗുരുതര പരിക്കേറ്റ അവ്യക്തിനാണ് ആദ്യം പട്ടയം കൈമാറിയത്. കല്‍പ്പറ്റ ജനറൽ ആശുപത്രിയുടെ അനെക്സ് ബ്ലോക്കിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
നല്ല പിന്തുണയാണ് പുനരധിവാസ പ്രവർത്തനങ്ങൾക്ക് ലഭിച്ചത്. ആദിവാസി കുടുംബളെ പുനരധിവസിപ്പിക്കുന്ന ഭൂമിയുടെ പട്ടയവും ഇന്ന് കൈമാറും. സന്തോഷ ദിവസമാണെങ്കിലും വിട്ടു പിരിഞ്ഞവരുടെ ഓർമ്മകൾ കൂടി ഉയർന്നുവരുകയാണ്. പല നഷ്ടങ്ങൾക്കും ഈ വീടുകള്‍ പകരമാവാൻ കഴിയില്ല. എന്നാൽ സാമീപ്യം കൊണ്ട് നഷ്ടത്തിൽ നിന്ന് ആളുകളെ പുറത്തുകൊണ്ടു വരാം. പരസ്പര സാഹോദര്യത്തിൻ്റെ കേരള മാതൃക എല്ലാവരും കണ്ടു. എന്നാൽ, ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിച്ചു. ചില്ലിക്കാശ് പുനരധിവാസത്തിന് നൽകരുതെന്ന് ചിലർ പറഞ്ഞു. മാധ്യമങ്ങൾ പോലും വ്യാജം ചമച്ച് പുനരധിവാസത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു. കേന്ദ്രസർക്കാർ കടം എഴുതി തള്ളാൻ തയ്യാറായില്ല. ആ കടം കേരളം ഏറ്റെടുത്തു. കടം ഏറ്റെടുക്കാൻ പല തവണ സംസ്ഥാന സർക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. വയനാട് ടൗണ്‍ഷിപ്പിന്‍റെ നിർമ്മാണ പ്രവർത്തനം ഏറ്റെടുത്ത ഊരാളുങ്കലിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.